britan-cars

ലണ്ടൻ: 2030ഓടെ ബ്രിട്ടനിൽ പെട്രോൾ - ഡീസൽ കാറുകളുടെ വില്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങൾ തുടർന്നും അനുവദിക്കും. ഇതോടെ ലോകത്തിൽ ആദ്യമായി പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്പന നിരോധിച്ച് സമയം കുറിച്ചിട്ടുള്ള ഏക രാജ്യമായി ബ്രിട്ടൻ മാറിയിരിക്കുകയാണ്.

രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040ഓടെ പെട്രോൾ - ഡീസൽ വാഹനങ്ങൾ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് ഇത് 2035ലേക്കും തുടർന്ന് 2030ലേക്കും മാറ്റുകയായിരുന്നു.

പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വില്പന അവസാനിക്കുന്നതോടെ ബ്രിട്ടനിലെ വാഹന വ്യവസായ മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാജ്യം വിലയിരുത്തുന്നത്.

അതേസമയം, പരമ്പരാഗത ഇന്ധനങ്ങൾക്കൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുക്കിയിട്ടുള്ള വാഹനങ്ങൾക്ക് ഈ പ്രഖ്യാപിച്ചിട്ടുള്ള നിരോധനം ബാധകമാകില്ല. ഇത്തരം വാഹനങ്ങളുടെ വിൽപ്പന 2035 വരെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പല ലോകരാജ്യങ്ങളും തയാറെടുക്കുന്നുണ്ട്.

73.6% വാഹനങ്ങൾ

പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നവ

 5.5 ശതമാനം

ഇലക്ട്രിക് വാഹനങ്ങൾ

 20.9%

ഹൈബ്രിഡ് വാഹനങ്ങൾ

(ബ്രിട്ടനിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് പ്രകാരം)