നേഷൻസ് ലീഗിൽ സ്പെയ്ൻ 6-0ത്തിന് ജർമ്മനിയെ തകർത്തു
ഒമ്പത് പതിറ്റാണ്ടുകൾക്കിടെ ജർമ്മൻ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി
ഫെറാൻ ടോറസിന് ഹാട്രിക്ക്
മാഡ്രിഡ്: സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത തോൽവി ഏറ്റുവാങ്ങി നാണംകെട്ട് ജർമ്മനി. കഴിഞ്ഞ രാത്രി നടന്ന യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ മത്സരത്തിൽ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സ്പെയ്നാണ് ജർമ്മനിയെ തകർത്ത് തരിപ്പണമാക്കിയത്. ഒമ്പത് പതിറ്റാണ്ടിനിടെയുള്ള ജർമ്മനിയുടെ ഏറ്റവും ഭീകരമായ തോൽവിയാണിത്.1931-ൽ ആസ്ട്രിയയോടാണ് ഇതിനു മുമ്പ് ജർമനി ആറു ഗോളുകൾക്ക് തോറ്റിട്ടുള്ളത്.
സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ കരിയറിലെ ആദ്യ ഹാട്രിക്ക് നേടിയ ഫെറാൻ ടോറസിന്റെ മികവിലാണ് സ്‌പെയ്ൻ വമ്പൻ ജയം സ്വന്തമാക്കിയത്. അൽവാരോ മൊറാട്ടയും റോഡ്രിയും ഒയാർസബാലും ഓരോ ഗോളുകൾ നേടി.ഇരുപകുതികളിലും മൂന്ന് ഗോളുകൾ വീതമാണ് സ്പെയ്ൻ നേടിയത്. നേഷൻസ് ലീഗിന്റെ സെമിയിൽ കടക്കാൻ സമനില മതിയായിരുന്ന ജർമനി പക്ഷേ സ്പാനിഷ് കരുത്തിനു മുന്നിൽ ചിറകറ്റ് വീണുപോവുകയായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച വിജയത്തിന്റെ പിൻബലത്തോടെ സ്പെയ്ൻ സെമിയിലേക്ക് കടക്കുകയും ചെയ്തു.
17-ാം മിനിട്ടിൽ ആൽവാരോ മൊറാട്ടയിലൂടെയാണ് സ്പെയ്ൻ സ്കോറിംഗ് തുടങ്ങിയത്. 33-ാം മിനിട്ടിൽ ഫെറാൻ ടോറസ് തന്റെ ആദ്യ ഗോൾ നേടി.38-ാം മിനിട്ടിൽ റോഡ്രിയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ആതിഥേയർ 3-0ത്തിന് ലീഡ് ചെയ്തു.55,71 മിനിട്ടുകളിലായാണ് ഫെറാൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. 89-ാം മിനിട്ടിൽ മൈക്കൽ ഒയാർസബൽ പട്ടിക പൂർത്തിയാക്കി.
ചരിത്രം കുറിക്കാനിറങ്ങിയ ന്യൂയർ
നാണക്കേടുമായി മടങ്ങി
രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വലകാത്ത ഗോൾകീപ്പർ എന്ന റെക്കാഡ് സ്വന്തമാക്കാനിറങ്ങിയ ജർമ്മൻ ഗോൾകീപ്പർ മാനുവൽ ന്യൂയറെ കാത്തിരുന്നത് കരിയറിലെ ഏറ്റവും വലിയ ദുരന്തം. തന്റെ കരിയറിൽ ആദ്യമായാണ് ന്യൂയർ ഒരു മത്സരത്തിൽ ആറു ഗോളുകൾ വഴങ്ങുന്നത്.
റാമോസിന് പരിക്ക്
മത്സരത്തിൽ തകർപ്പൻ വിജയം നേടിയെങ്കിലും നായകൻ സെർജിയോ റാമോസിന് പരിക്കേറ്റത് സ്പെയ്നിന് കനത്ത തിരിച്ചടിയായി. പേശിവലിവ് അനുഭവപ്പെട്ട റാമോസിന് വിശദമായ പരിശോധനകൾ നടത്തിയാലേ എത്രനാൾ വിശ്രമം വേണമെന്ന് പറയാനാകൂ എന്ന് ടീം അധികൃതർ അറിയിച്ചു.
ലോയ്‌വ് തുടരും
ചരിത്രത്തിലെ കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും ജർമ്മൻ കോച്ച് സ്ഥാനത്തുനിന്ന് യൊവാക്വിം ലോയ്‌വിനെ മാറ്റില്ലെന്ന് ജർമ്മൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. 2014ൽ ജർമ്മനിയെ ലോകകപ്പ് ജേതാക്കളാക്കിയ ലോയ്‌വ് തുടർന്ന് പരിശീലകസ്ഥാനത്ത് വർഷങ്ങളായി തുടരുകയാണ്. സമീപകാലത്തെ ടീമിന്റെ പ്രകടനം ലോയ്‌വിന്റെ കസേരയ്ക്ക് ഇളക്കം തട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തവർഷം നടക്കുന്ന യൂറോകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കുകയാണ് ലോയ്‌വ്.
ഫ്രാൻസിനും പോർച്ചുഗലിനും ജയം
മറ്റു മത്സരങ്ങളിൽ ഫ്രാൻസ് രണ്ടിനെതിരേ നാലു ഗോളുകൾക്ക് സ്വീഡനെ തോൽപ്പിച്ചു.ഫ്രാൻസ് നേരത്തേ സെമി ഉറപ്പിച്ചിരുന്നു. ആവേശപ്പോരാട്ടത്തിൽ പോർച്ചുഗൽ 3-2ന് ക്രൊയേഷ്യയെ കീഴടക്കി. മോണ്ടിനെഗ്രോ എതിരില്ലാത്ത നാലു ഗോളുകൾക്ക് സൈപ്രസിനെ തകർത്തു.
ഒളിവർ ജിറൂദിന്റെ ഇരട്ടഗോളുകളുടെയും പൊവാഡ്,കോമാൻ എന്നിവരുടെ ഓരോ ഗോളിന്റെയും കരുത്തിലാണ് ഫ്രാൻസ് സ്വീഡനെ കീഴടക്കിയത്.സ്വീഡനുവേണ്ടി ക്ളായ്സെനും ക്വിയ്സെനും ഓരോ ഗോൾ നേടി. ഇഞ്ചോടിഞ്ച് ആവേശം നിറഞ്ഞ കളിയായിരുന്നു പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ . 25-ാം മിനിട്ടിൽ കൊവാസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്.52-ാം മിനിട്ടിൽ റൂബെൻ ഡയസ് സമനില പിടിച്ചു.യാവോ ഫെലിക്സ് 60-ാം മിനിട്ടിൽ പോർച്ചുഗലിനെ മുന്നിലെത്തിച്ചു.65-ാം മിനിട്ടിൽ കൊവാസിച്ച് വീണ്ടും സ്കോർ ചെയ്തതോടെ കളി പിന്നെയും സമനിലയിലായി. 90-ാം മിനിട്ടിലെ തന്റെ രണ്ടാം ഗോളോടെ റൂബെനാണ് പോർച്ചുഗലിന് സമനില നൽകിയത്.