മോണ്ടിവിഡിയോ: കഴിഞ്ഞ ദിവസം നടന്ന തെക്കേ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ ഫുട്ബാൾ മത്സരങ്ങളിൽ വിജയം നേടി ബ്രസീലും അർജന്റീനയും.കഴിഞ്ഞ ദിവസംനടന്ന മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വേയെ പരാജയപ്പെടുത്തിയപ്പോൾ അർജന്റീന ഇതേ മാർജിനിൽ പെറുവിനെയാണ് വീഴ്ത്തിയത്.
ലോകകപ്പ് യോഗ്യതാറൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ നാലാം ജയമായിരുന്നു ഉറുഗ്വേയ്ക്ക് എതിരെ. കൊവിഡ് ബാധിതനായ സൂപ്പർ താരം ലൂയിസ് സുവാരേസിനെക്കൂടാതെയാണ് ഉറുഗ്വേ ഇറങ്ങിയത്.നെയ്മർ,ഫിലിപ്പെ കുടീന്യോ എന്നിവരില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിലാണ് ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്. 34-ാം മിനിട്ടിൽ ആർതുർ മെലോയാണ് മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റിച്ചാർലിസൺ പട്ടിക തികച്ചു. 71-ാം മിനിട്ടിൽ എഡിൻസൺ കവാനി ചുവപ്പുകാർഡ് കണ്ട് പുറത്തായത് ഉറുഗ്വേയെ തളർത്തിയിരുന്നു.
ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബ്രസീൽ പട്ടികയിൽ ഒന്നാമതാണ്.
17-ാം മിനിട്ടിൽ നിക്കോളാസ് ഗോൺസാലസും 28-ാം മിനിട്ടിൽ ലൗത്താരോ മാർട്ടിനസും നേടിയ ഗോളുകൾക്കാണ് അർജന്റീന പെറുവിനെ കീഴടക്കിയത്. മെസിയും അർജന്റീനയ്ക്കായി കളിക്കാൻ ഇറങ്ങിയിരുന്നു. ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയന്റ് പട്ടികയിൽ രണ്ടാമതാണ് അർജന്റീന.
യോഗ്യതാ റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ഇക്വഡോർ6-1ന് കൊളംബിയയെയും വെനിസ്വേല 2-1ന് ചിലിയെയും തോൽപ്പിച്ചു.പരാഗ്വെയും ബൊളീവിയയും 2-2ന് സമനിലയിൽ പിരിഞ്ഞു.