ബംബോലിം : ഗാലറിയിലെത്തി നേരിട്ടുകാണാനാകില്ലെങ്കിലും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് നാളെ ഗോവയിൽ തുടക്കമാകുന്നു.നാളെ രാത്രി 7.30ന് ബംബോലിം സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവ് ഹോം ആൻഡ് എവേ മത്സരങ്ങൾ ഒഴിവാക്കി ഗോവയിലെ മൂന്ന് വേദികളിലായാണ് ഇക്കുറി എല്ലാമത്സരങ്ങളും സംഘടിപ്പിക്കുന്നത്. ഒട്ടേറെ മാറ്റങ്ങളുമായാണ് ഇക്കുറി ഐ.എസ്.എല്ലിന് കൊടിയേറുന്നത്. പുതിയ ഒരു ടീം എത്തുന്നതിനൊപ്പം നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ ഐ- ലീഗ് ക്ളബ് ആയിരുന്ന മോഹൻ ബഗാനുമായി ചേർന്ന് എ.ടി.കെ-മോഹൻ ബഗാനായി മത്സരിക്കാൻ ഇറങ്ങുന്നത് ഈ സീസണിലാണ്. ഇത്രയും നാൾ ഐ-ലീഗിൽ കളിച്ചുവന്ന ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ അരങ്ങേറ്റം കുറിക്കുന്നു.ഇതോടെ ലീഗിലെ ടീമുകളുടെ എണ്ണം 11 ആയി ഉയരും.
ഐ.എസ്.എൽ ടീമുകൾ
1.കേരള ബ്ളാസ്റ്റേഴ്സ്
2.എ.ടി.കെ മോഹൻ ബഗാൻ
3. ബെംഗളുരു എഫ്.സി
4.എഫ്.സി ഗോവ
5.മുംബയ് സിറ്റി എഫ്.സി
6.ഹൈദരാബാദ് എഫ്.സി
7.ജംഷഡ്പൂർ എഫ്.സി
8.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
9.ഒഡിഷ എഫ്.സി
10. ചെന്നൈയിൻ എഫ്.സി
11. ഈസ്റ്റ് ബംഗാൾ
3
വേദികളാണ് ടൂർണമെന്റിനുള്ളത്. ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം,ബംബോലിമിലെ ജി.എം.സി സ്റ്റേഡിയം,വാസ്കോയിലെ തിലക് നഗർ സ്റ്റേഡിയം എന്നിവയാണവ.
115
മത്സരങ്ങളാണ് ഈ സീസണിൽ ആകെയുള്ളത്. കഴിഞ്ഞ സീസണിൽ ഇത് 95 ആയിരുന്നു.ഓരോ ടീമും പ്രാഥമിക റൗണ്ടിൽ രണ്ട് വട്ടം ഏറ്റുമുട്ടും.