mridula-sinha

പനാജി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഗോവ ഗവർണറും എഴുത്തുകാരിയുമായ മൃദുല സിൻഹ (77) അന്തരിച്ചു.

ഗോവയുടെ ആദ്യ വനിതാ ഗവർണറായി 2014 ആഗസ്റ്റിൽ ചുമതലയേറ്റു. അതിന് മുമ്പ് ബി.ജെ.പിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ അദ്ധ്യക്ഷയായിരുന്നു. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചു.

1942 നവംബർ 27ന് ബീഹാറിലെ ഛപ്രയിലാണ് മൃദുലയുടെ ജനനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, കോളേജ് അദ്ധ്യാപികയായി പൊതുരംഗത്തേക്ക് കടന്നുവന്നു. വിവിധ പത്രങ്ങളിൽ ലേഖനങ്ങളും മറ്റും എഴുതി.

ദാമ്പത്യ കീ ധൂപ്, സീത പൂനി ബോലി, അഹല്യ ഉവച്, ജ്യോൻ മെഹന്തി കീ രംഗ്, അതിശയ എന്നിവയടക്കം 46ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഹാർ മുൻ ക്യാബിനറ്റ് മന്ത്രി രാം കൃപാൽ സിംഗാണ് ഭർത്താവ്.

പൊതുസേവന രംഗത്തിന് നൽകിയ സംഭാവനകളിലൂടെ മൃദുലാ സിൻഹാജി എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

'സാഹിത്യ-സാംസ്‌കാരിക രംഗത്തും മൃദുലാജി കഴിവ് തെളിയിച്ചു. വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി.' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.