ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 36-ാം പിറന്നാളിൽ തന്റെ പ്രണയത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഗ്‌നേശ് ശിവൻ. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചാണ് വിഗ്‌നേശ് ആശംസകൾ നേർന്നിരിക്കുന്നത്. ''ജന്മദിനാശംസകൾ തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക. സന്തോഷവും സ്ഥിരമായ വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക്.." എന്നാണ് വിഗ്‌നേശ് ശിവൻ കുറിച്ചിരിക്കുന്നത്. ആരാധകർക്ക് പിറന്നാൾ സമ്മാനമായി നയൻസിന്റെ പുതിയ ചിത്രം 'നേട്രികണ്ണി'ന്റെ ടീസർ എത്തുമെന്നും വിഗ്‌നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്.ഇന്നലെയായിരുന്നു നയൻതാരയുടെ പിറന്നാൾ. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് നേട്രികൺ. വിഗ്‌നേശ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്. വിഗ്‌നേശിന്റെ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയുമായി പ്രണയത്തിലാകുന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലവും നയൻതാരയും വിഗ്‌നേശും ഒരുമിച്ചാണ് ചെലവിട്ടത്. നയൻതാരയെ നായികയാക്കി കത്തുവാകുല രെണ്ടു കാതൽ എന്ന സിനിമായാണ് വിഗ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.