വെല്ലിംഗ്ടൺ : മുസ്ലീം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകി ന്യൂസിലൻഡ്. സേനയിലെ മുസ്ലിം സ്ത്രീകൾക്ക് വേണ്ടി യൂണിഫോമിൽ പ്രത്യേകം ഡിസൈൻ ചെയ്ത ഹിജാബ് ആദ്യമായി ധരിച്ചത് കോൺസ്റ്റബിൾ സീന അലിയാണ്. കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ 51 പേരുടെ മരണത്തിനിടയാക്കിയ, രണ്ട് മുസ്ലിം പള്ളികളിലായി നടന്ന ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് ശേഷമാണ് 30 കാരിയായ സീന ന്യൂസിലൻഡ് പൊലീസിൽ ചേരാൻ തീരുമാനിച്ചത്.
ഈ ആഴ്ച പൊലീസ് ഓഫീസറായി പാസ് ഔട്ട് ആകുന്ന സീനയ്ക്ക് ന്യൂസിലൻഡിൽ ആദ്യമായി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്ന വനിതയെന്ന സ്ഥാനവും സ്വന്തമാകും. ജോലിയ്ക്കും മതവിശ്വാസത്തിനും ഉതകുന്ന തരത്തിലെ ഹിജാബ് ഡിസൈൻ ചെയ്യാൻ സീനയും പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. പൊലീസ് വേഷത്തിനൊപ്പം ഹിജാബ് ധരിച്ച് തന്റെ സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നാണ് സീന പറയുന്നു.
ഫിജിയിൽ ജനിച്ച സീന കുഞ്ഞായിരിക്കുമ്പോൾ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ്. പൊലീസ് കോളേജിൽ പ്രാർത്ഥനയ്ക്കായി മുറിയും ഹലാൽ ഭക്ഷണങ്ങളും ലഭ്യമായിരുന്നുവെന്നും നീന്തൽ പരിശീലനത്തിന് ലോംഗ് സ്ലീവോട് കൂടിയ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ഉണ്ടായിരുന്നെന്നും സീന പറഞ്ഞു.
2008ൽ യൂണിഫോമിനൊപ്പം ടർബൻ ധരിക്കാൻ അനുവദിച്ചു കൊണ്ട് ന്യൂസിലൻഡ് പൊലീസ് ഉത്തരവിറക്കിയിരുന്നു. ജഗ്‌മോഹൻ മാൽഹി എന്ന കോൺസ്റ്റബിളാണ് യൂണിഫോമിനൊപ്പം ആദ്യമായി ടർബൻ ധരിച്ചത്. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് 2006 ലും സ്കോട്ട്ലൻഡ് പൊലീസ് 2016 ലും യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു.