bengaluru-riots

ബംഗളൂരു: ബംഗളൂർ കലാപത്തിനെ തുടർന്ന് ഒളിവിലായിരുന്ന കോൺഗ്രസ് മേയർ സമ്പത്ത് രാജിനെ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ എസ്.ഡി.പി.ഐയുടെ നാല് ഓഫീസുകൾ ഉൾപ്പെടെ നഗരത്തിലെ 43 പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. പരിശോധനയിൽ എസ്.ഡി.പി.ഐ ഓഫീസിൽ നിന്നും വാളുകൾ ,കത്തി ഇരുമ്പ് ദണ്ഡ് എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു.


"മാരകായുധങ്ങളുപയോഗിച്ച് കലാപം സ്യഷ്ടിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിക്കേൽപ്പിക്കുകയും ഡിജെ ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ പൊതു,സ്വകാര്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു, സ്വകാര്യ സ്വത്തുക്കൾ തുടങ്ങിയവ നശിപ്പിച്ചതായാണ് കേസ്." ദേശീയ അന്വേഷണ ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഓഗസ്റ്റ് പതിനൊന്നിനാണ് ബംഗളൂരുവിൽ കലാപം നടന്നത്. തുടർന്ന് നിരവധി വാഹനങ്ങൾ അടിച്ചു തകർക്കുകയും ഡിജെ ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനുകൾ കത്തിക്കുകയും ചെയ്‌തിരുന്നു. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അമ്പതോളം പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഇത് വരെ 377 പേരാണ് കേസിൽ അറസ്റ്റിലായത്. മുൻ മേയർ സമ്പത്ത് രാജ്, കോൺഗ്രസ് കോർപ്പറേറ്റർ അബ്ദുൾ സാക്കിർ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.