സമകാലിക ഇന്ത്യൻ സിനിമയിൽ ഒരു സംവിധായിക എന്ന നിലയിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഉയർന്നു കേട്ട ആദ്യ പേരുകളിൽ ഒന്നായിരുന്നു സുഹാസിനിയുടേത്. സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് സിനിമയുടെ സാങ്കേതിക മേഖലയിൽ എത്തി, അവിടെ നിന്ന് അഭിനയത്തിലേക്കും മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ, സംവിധാന രംഗത്തേക്കും ചുവടു വയ്ക്കുകയായിരുന്നു സുഹാസിനി. 40 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ തമിഴ് ചിത്രമായ 'നെഞ്ചത്തെ കിള്ളാതെ'യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുഹാസിനി. ഈ ചിത്രത്തിലൂടെയാണ് സുഹാസിനി ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാർത്ഥിനിയായിരുന്നു സുഹാസിനി ഹാസൻ. പഠനത്തിനു ശേഷം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ജെ മഹേന്ദ്രന്റെ 'ഉതിരിപൂക്കൾ', ഐവി ശശിയുടെ 'കാളി', ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവർത്തിച്ചു.
പത്മരാജന്റെ 'കൂടെവിടെ' ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യ മലയാളചിത്രം. പിന്നീട് രാക്കുയിലിൻ രാജസദസിൽ, എഴുതാപ്പുറങ്ങൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, സമൂഹം, വാനപ്രസ്ഥം, തീർത്ഥാടനം, നമ്മൾ, മകന്റെ അച്ഛൻ, കളിമണ്ണ്, സാൾട്ട് മാംഗോ ട്രീ തുടങ്ങി റിലീസിനൊരുങ്ങുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' വരെ മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. 'പെൺ', 'പുത്തൻ പുതു കാലൈ' എന്ന ആന്തോളജി ഫിലിമിലെ 'കോഫി', 'എനിവൺ?' എന്നിവയെല്ലാം സുഹാസിനി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമായ 'പെൺ' എന്ന തമിഴ് ടെലിസീരീസ് തൊണ്ണൂറുകളുടെ തുടക്കത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സൺ ടിവിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഏഴോളം കഥകൾ അടങ്ങുന്ന ഈ സീരീസ്, അതുവരെ ടെലിവിഷൻ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയൊരു കാലത്തിൽ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തപ്പെടുത്തുകയായിരുന്നു. 'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താൻ,' അപ്പാ ഇരുക്കേൻ,' 'മിസ്സിസ് രംഗനാഥ്,' 'കുട്ടി ആനന്ദ്,' 'ലവ് സ്റ്റോറി,' 'രാജി മാതിരി പൊണ്ണ്,' 'വാർത്തൈ തവറി വിട്ടായ്' എന്ന് പേരുകളുള്ള എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് 'പെൺ'. യാഥാസ്ഥിതികതയിൽ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാൻ ശ്രമിക്കുന്ന, അതിൽ വിജയിക്കുകയും ചിലപ്പോൾ പരാജയപ്പെടുകയും ചെയ്യുന്ന നായികമാർ. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. ശോഭന, രേവതി, ഭാനുപ്രിയ, ഗീത, രാധിക, അമല, ശരണ്യ, സുഹാസിനി എന്നിവരായിരുന്നു ആ ചെറുചിത്രങ്ങളിലെ നായികമാർ. സ്മാൾ സ്ക്രീനിന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട 'പെൺ' സീരീസിന്റെ സംഗീതം ഇളയരാജയാണ് നിർവ്വഹിച്ചത്. കഥയും തിരക്കഥയും സംവിധാനവും സുഹാസിനി തന്നെയായിരുന്നു.