ന്യൂഡൽഹി :ഫുക്കുഷിമയിലെ തകർന്ന ആണവകേന്ദ്രത്തിൽനിന്ന് റേഡിയോ ആക്ടീവ് മാലിന്യം നിറഞ്ഞ ജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയുൾപ്പെടെ തെക്കനേഷ്യൻ തീരങ്ങളിൽ വൻ ആശങ്കയുയർത്തുന്നു. ഏഷ്യൻ തീരങ്ങളിലെ കടൽജീവികളെയും മനുഷ്യരെയും ബാധിച്ചേക്കാവുന്ന വിഷയമാണിത്. 2022 ഓടെ റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കാനാണ് ജപ്പാന്റെ തീരുമാനം. പൊതുവിൽ പൂർണതോതിൽ നശിക്കാൻ 12 മുതൽ 30 വർഷം വരെയെടുക്കുന്ന സീഷ്യം, ട്രിഷ്യം, കൊബാൾട്ട്, കാർബൺ-12 തുടങ്ങിയ റേഡിയോആക്ടീവ് ഐസോട്ടോപ്പുകളുടെ വലിയൊരു ശേഖരമാണ് ഈ ആണവജലത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ ഐസോടോപ്പുകളുമായി ബന്ധപ്പെടുന്ന ഏതിനെയും ഇവ ബാധിക്കാനിടയുണ്ടെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മേഖലയിലെ മീൻപിടിത്ത വ്യവസായത്തെയും അതിനോട് അനുബന്ധിച്ച സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അർബുദം അടക്കമുള്ള പലവിധ രോഗങ്ങളും ഇതിലൂടെ വർദ്ധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.പരിസ്ഥിതിയും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കപ്പെടേണ്ടത് മനുഷ്യകുലം നിലനിന്നു പോകുന്നതിന് അത്യാവശ്യമാണെന്ന് ഡി.ആർ.ഡി.ഒ ഹെൽത്ത് സയൻസ് വിഭാഗം ഡയറക്ടർ ജനറൽ എ.കെ. സിംഗ് പറയുന്നു. ഇത്രയും ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് ആദ്യത്തെ സംഭവമായിരിക്കുമെന്നും മറ്റുള്ളവർക്കും ഇതു തെറ്റായ മാതൃക കാണിച്ചുകൊടുക്കുമെന്നും ഇന്ത്യയിലെ മുതിർന്ന ആണവാരോഗ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാൾ കൂടിയായ അദ്ദേഹം പറഞ്ഞു.
2011 മാർച്ച് 11നാണ് റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ വടക്കു–കിഴക്കൻ തീരമേഖലയിൽ ഉണ്ടായത്. ഇതേത്തുടർന്നുണ്ടായ സൂനാമിയിൽ 5306 മെഗാവാട്ട് ശേഷിയുള്ള ഫുക്കുഷിമ ആണവ കേന്ദ്രത്തിലേക്ക് 15 മീറ്റർ ഉയരത്തിൽ സമുദ്രജലം കയറി. 1986 ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ലോകത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആണവദുരന്തമായാണ് ഫുക്കുഷിമ ദുരന്തം വിലയിരുത്തപ്പെടുന്നതും.
ഈ ദുരന്തത്തിനുപിന്നാലെ 1.2 ദശലക്ഷം ടണ്ണോളം വരുന്ന റേഡിയോആക്ടീവ് മാലിന്യം കലർന്ന വെള്ളം ആയിരത്തിലേറെ ടാങ്കുകളിലായി ഫുക്കുഷിമ പ്ലാന്റിനു സമീപം വേർതിരിച്ച മേഖലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.