വെല്ലിംഗ്ടൺ: മുസ്ലിം സ്ത്രീകളെ സേനയുടെ ഭാഗമാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂസിലാൻഡ് പൊലീസ് സേനയിലെ മുസ്ലിം സ്ത്രീകൾക്ക് ഇനി മുതൽ ഹിജാബ് ധരിക്കാം. പ്രത്യേകമായി രൂപകല്പന ചെയ്ത ഹിജാബ് ധരിക്കുന്ന ന്യൂസിലാൻഡിലെ ആദ്യ പോലീസ് ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് 30കാരിയായ കോൺസ്റ്റബിൾ സീനാ അലി.
തന്റെ പുതിയ ദൗത്യത്തിനു യോജിച്ചതും അതേ സമയം മതത്തെ ഉൾച്ചേർക്കുന്നതുമായ വസ്ത്രം രൂപകല്പന ചെയ്യാൻ സീന പൊലീസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
''യൂണിഫോം ഡിസൈൻ ചെയ്യുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.
ഈ നീക്കം മറ്റ് സ്ത്രീകൾക്കും സേനയിൽ പ്രവേശിക്കാൻ ആത്മവിശ്വാസം നൽകുമെന്നും സീന പറഞ്ഞു.
സമൂഹത്തിൽ സേവനം ചെയ്യാൻ ഞങ്ങൾക്ക് കൂടുതൽ മുസ്ലീം സ്ത്രീകളെ ആവശ്യമുണ്ട്. അവരിൽ ഭൂരിഭാഗവും പൊലീസിനോട് സംസാരിക്കാൻ ഭയപ്പെടുന്നവരാണ്. ഒരു പുരുഷൻ അവരോട് സംസാരിക്കാൻ വന്നാൽ മുൻവാതിൽ അടച്ച് ശീലമുള്ളവരാണവർ. കൂടുതൽ സ്ത്രീകൾ, കൂടുതൽ വൈവിധ്യമാർന്നവർ മുൻനിരയിലേക്ക് വരുമ്പോൾ നമുക്ക് കൂടുതൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിയും, ''സീന പറഞ്ഞു.
2008 ൽ ന്യൂസീലാൻഡ് പൊലീസ് യൂണിഫോമിൽ സിഖ് തലപ്പാവ് അവതരിപ്പിച്ചിരുന്നു. നെൽസൺ കോൺസ്റ്റബിൾ ജഗ്‌മോഹൻ മാൽഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥൻ.