മുംബയ്: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാൽ മിർച്ചിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബയിലെ വർളി പ്രദേശത്തെ റബിയ മാൻഷൻ, മറിയം ലോഡ്ജ്, സീ വ്യൂ എന്നീ കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. ഇഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇവയ്ക്ക് 500 കോടി മൂല്യമുണ്ട്.
കള്ളക്കടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും എതിരായ രണ്ട് കേന്ദ്ര നിയമങ്ങൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. ഇതോടെ ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കൈമാറ്റങ്ങളും ഇടപാടുകളും അസാധുവായതായി പ്രഖ്യാപിച്ചു.
2013 ൽ ലണ്ടനിൽ വച്ച് മരണമടഞ്ഞ മിർച്ചിക്കെതിരേ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തിരുന്നു. മുംബയിലും പരിസരത്തും മിർച്ചിക്ക് സ്വന്തം പേരിലല്ലാതെയും വിവിധ സ്വത്തുക്കൾ ഉണ്ടെന്ന് ഏജൻസി ആരോപിച്ചിരുന്നു. മുംബയിൽ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വാങ്ങിയതും വിൽക്കുന്നതുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് മിർച്ചിക്കും അയാളുമായി ബന്ധമുള്ളവർക്കുമെതിരെ ഇഡി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.