covid

ന്യൂഡൽഹി:ഡൽഹിയിൽ കഴിഞ്ഞ ദിവസം 7,486 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം അ‌ഞ്ച് ലക്ഷം കടന്നു. ഇത് വരെ 5,03,084 പേർക്കാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ചത്. ഇന്നലെ 133 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണ്.
ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,943, ആയി.


62,000 പേരിൽ നടത്തിയ പരിശോധനയിലാണ് 7,486 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഉത്സവ കാലത്ത് വർദ്ധിച്ചു വന്ന വായുമലിനീകരണം മൂലം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ നിരക്ക് 12.03 ശതമാനമായി ഉയർന്നു. ഇതോടെ ഡൽഹിയിലെ മുഴുവൻ ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 42,458 ആയി. ഡൽഹി നഗരത്തിൽ കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ലോക്‌ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്.