ibrahimkunju

കൊച്ചി: പാലരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്‌ത മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നിൽ വരും. ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്.

റിമാൻഡിലുളള 14 ദിവസത്തിനുളളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിൽ മാത്രമെ മുൻ മന്ത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് സാധിക്കൂ. ഇന്നലെ രാവിലെ വിജിലൻസ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിനെ ജഡ്‌ജി നേരിട്ട് ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്തത്.

ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയിൽ പോയി കാണാൻ ജഡ്‌ജി തീരുമാനിച്ചത്. ഇന്നലെ വൈകിട്ട് 6.10ഓടെയാണ് വിജിലൻസ് ജഡ്‌ജി ലേക്‌ഷോർ ആശുപത്രിയിൽ എത്തിയത്.