കൊല്ലം: അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും രണ്ട് കേസുകളിലായി സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്മെന്റ് സ്‌ക്വാഡ് പിടികൂടി. കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച് വീട് വാടകയ്‌ക്കെടുത്ത് മയക്കു മരുന്ന് സംഭരിച്ച് വിശ്വസ്‌തരെ വച്ച് കേരളത്തിലുടനീളം വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തി വന്ന നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും കണ്ടെത്തി കേസെടുക്കാൻ ആയത്.
ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തിട്ടുള്ളത്. കേസുകൾ കരുനാഗപ്പളളി സർക്കിൾ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് രജിസ്റ്റർ ചെയ്‌തിട്ടുളളത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനികുമാറിനോടൊപ്പം എക്സൈസ് ഇൻസ്‌പെക്‌ടർ ടി ആർ മുകേഷ് കുമാർ അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ് മധുസൂദനൻ നായർ, ഡി എസ് മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജിതീഷ്, ഷംനാദ്, വിഷ്ണു രാജ് ടി എന്നിവരാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയവരെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുളളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.