തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പ്രചരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്താൻ ദക്ഷിണ മേഖല ഡി ഐ ജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി. സംഭവത്തിൽ അന്വേഷണത്തിന് ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് ഉത്തരവിട്ടിരുന്നു.
സ്വപ്‌നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി ഐ ജിയോട് ജയിൽ ഡി ജി പി ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് അദ്ദേഹം രാവിലെ തന്നെ ജയിലിൽ എത്തിയിരിക്കുന്നത്. ശബ്‌ദരേഖ സ്വപ്‌നയുടേത് തന്നെയാണോയെന്ന് ഡി ഐ ജി പരിശോധിക്കും.
തുടർനീക്കങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥൻ സൈബർ സെൽ സഹായം തേടും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നതായുള്ള സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശം വിവാദമായിരുന്നു.