ബംഗളുരു: സിനിമയിൽ അഭിനയിച്ചത് പണത്തിനുവേണ്ടിയല്ല.അഭിയനയമോഹം കൊണ്ടായിരുന്നു. അഭിനയിച്ചതിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളിൽ മാത്രമാണ്. എൻഫാേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെ ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടൽ തുടങ്ങാനായി വായ്പയെടുത്ത് 39 ലക്ഷം രൂപയാണ് കൈമാറിയതെന്നും അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം കളളപ്പണം വെളുപ്പിക്കൽ കേസിൽ കേരളത്തിലെ കൂടുതൽപ്പേരിലേക്ക് ഇഡിയുടെ അന്വേഷണം എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇവരെ ചോദ്യംചെയ്യാനും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാനുമായി ഇഡി ഉടൻ കേരളത്തിൽ എത്തിയേക്കുമെന്നാണ് അറിയുന്നത്. നേരത്തേ ബിനീഷുമായി സാമ്പത്തിക ഇടപാടുളള ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. അപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽപ്പേരിലേക്ക് അന്വേഷണം നീളുന്നത്.
അതിനിടെ, കളളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബിനീഷിന്റെ ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവച്ചത്. എന്നാൽ, അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രതിചേർക്കാനിടയുണ്ടെന്ന കണക്കുകൂട്ടലിൽ ബിനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.