kapil-sibal

ന്യൂഡൽഹി: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ വമ്പൻ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ വീണ്ടും ആഭ്യന്തരകലഹം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തിന് നേതാക്കൾ ഒപ്പിട്ട് അയച്ച കത്ത് കോൺഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദങ്ങളും പൊട്ടിപുറപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് മറുപടിയായാണ് കപിൽ സിബലുമായി അടുത്ത നേതാവ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ കപിൽ സിബൽ അടക്കമുളള നേതാക്കളെയാരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്ന കാര്യം അധീർ രഞ്ജൻ ചൗധരിക്ക് അറിയില്ല എന്നത് ദൗർഭാഗ്യകരമാണ്. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തിൽ പങ്കെടുക്കാൻ ഒരാൾക്കും സാധിക്കില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ബീഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ച കപിൽ സിബൽ അടക്കമുളള നേതാക്കൾക്കെതിരെ ശക്തമായ പ്രത്യാക്രമണമാണ് കഴിഞ്ഞ ദിവസം അധീർ രഞ്ജൻ ചൗധരി നടത്തിയത്. കോൺഗ്രസിനെ കുറിച്ച് കപിൽ സിബലിന് വലിയ ആശങ്കയാണുളളത്. എന്നാൽ ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ നമ്മളാരും കണ്ടില്ല. ബീഹാറിലും മദ്ധ്യപ്രദേശിലും പോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ ഇപ്പോൾ വിമർശിക്കുന്നതിൽ കാര്യമുണ്ടാകുമായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകുന്നില്ലെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ വലിയ തിരിച്ചടി സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണം പോലും പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നായിരുന്നു കപിൽസിബലിന്റെ പ്രതികരണം. ഒരുപക്ഷേ, എല്ലാം നന്നായി പോകുന്നുവെന്നും പതിവുപോലുളള കാര്യങ്ങളാണെന്നും അവർ കരുതുന്നുണ്ടാവാമെന്നും കപിൽസിബൽ പറഞ്ഞിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ പ്രകടനം കൂടുതൽ മോശമായി വരുന്ന സാഹചര്യം അടിയന്തരമായി പാർട്ടി നേതൃത്വം പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണെന്നും കപിൽസിബൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വർഷമായി അത്തരമൊരു പരിശോധന നടത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെങ്കിൽ പിന്നെ ഇപ്പോൾ അത്തരമൊരു പരിശോധന നടത്തുമെന്ന് നാം എങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ബീഹാറിലും ഉപതിരഞ്ഞെടുപ്പുകൾ നടന്ന മറ്റിടങ്ങളിലും ബി ജെ പിക്ക് ബദൽ ആയി സ്വയം ഉയർത്തി കാണിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും കപിൽ സിബൽ ആരോപിച്ചിരുന്നു.