crime

ന്യൂഡൽഹി: കാമുകിയുടെ വിവാഹത്തെ എതിർത്ത ബിസിനുകാരനെ കാമുകിയും അമ്മയും പ്രതിശ്രുത വരനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു. നാൽപ്പത്താറുകാരനും പടിഞ്ഞാറൻ ഡൽഹി സ്വദേശിയുമായ നീരജ് ഗുപ്തയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാളുടെ സ്ഥാപനത്തിലെ ജോലിക്കാരിയും കാമുകിയുമായ ഫൈസൽ, അമ്മ ഷഹീന നാസ്, ഫൈസലിന്റെ പ്രതിശ്രുതവരൻ ജൂബീർ, എന്നിവരാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തന്റെ സ്ഥാപത്തിലെ ജീവനക്കാരിയായ ഫൈസലുമായി നീരജിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ഫൈസൽ ജൂബിർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞതോടെ എതിർപ്പുമായി നീരജ് എത്തി. എന്നാൽ ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ല. സംഭവദിവം ഫൈസലിന്റെ വീട്ടിലെത്തിയ നീരജ് വിവാഹക്കാര്യം പറഞ്ഞ് വഴക്കുകൂടി. ‌ഈ സമയം അവിടെയുണ്ടായിരുന്ന ജൂബിർ കല്ലുകൊണ്ട് നീരജിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് ബോധംകെട്ടുവീണ നീരജിന്റെ വയറ്റിൽ നിരവധി തവണ കുത്തുകയും മരണം ഉറപ്പാക്കാൻ കഴുത്തറുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കയറ്റി ഗുജറാത്തിലെ ഭാറൂച്ചിലെത്തി വലിച്ചെറിഞ്ഞു.

നീരജിനെ കാണാനില്ലെന്ന ഭാര്യയുടെയും ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഫൈസലുമായി ഭർത്താവിന് ബന്ധമുണ്ടെന്നും കാണാതായതിന് പിന്നിൽ അവരാണെന്നും നീരജിന്റെ ഭാര്യ മൊഴികൊടുത്തു. ഫൈസലിനെ ചോദ്യംചെയ്തതോടെ അവർ എല്ലാം സമ്മതിക്കുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമുളള വിവാഹത്തിന് തടസം നിന്നതിനാണ് കൊലപ്പെടുത്തിയതെന്നാണ് ഫൈസൽ പൊലീസിനോട് പറഞ്ഞത്.