കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ കെ..എസ്ആർടിസി പെൻഷൻ സംബന്ധിച്ച വാർത്തയാണ് കത്തിനു ആധാരം.കെഎസ്ആർടിസി യിലെ പെൻഷൻ മുടങ്ങിയ കാരണം പെൻഷൻകാർ നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു.എന്നാൽ അതിനെതിരെ പലതവണ എഡിറ്റോറിയൽ എഴുതി സമൂഹത്തിനു മുന്നിൽ നമ്മുടെ ദുരന്തങ്ങൾ ഒന്നൊന്നായി കേരളകൗമുദി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ എത്തിച്ചതിനെ തുടർന്നു നമ്മുടെ പെൻഷൻ സഹകരണ ബാങ്കുകൾ വഴി നൽകുന്നതിനുള്ള സംവിധാനം സർക്കാർ നടപ്പിലാക്കുകയായിരുന്നു.നിലവിൽ സൊസൈറ്റികളുമായുള്ള കരാർ 2021 മാർച്ചു മാസം അവസാനിക്കുകയും ചെയ്യും.കെഎസ്ആർടിസി പെൻഷൻ കെ എസ് ആർ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനാണെന്നും അത് സർക്കാർ നേരിട്ട് നൽകേണ്ടതാണെന്നും ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണു സർക്കാർ സഹകരണ സംഘങ്ങൾക്ക് പലിശയും നൽകി പെൻഷൻ വിതരണം നടത്തുന്നത്.കൂടാതെ 2016 ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ പാരാ 222 ൽ കെഎസ്ആർടിസി യുടെ കടം ഏറ്റെടുക്കുമെന്നും പുനരുദ്ധാരണം നടത്തുകയും ശമ്പളവും പെൻഷനും സമയബന്ധിതമായി നൽകുമെന്നും വാഗ്ദാനം നൽകിയിട്ടുമുണ്ട്.വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കിയ സർക്കാർ കെഎസ്ആർടിസി യിലെ എൺപതിനായിരത്തിലധികം കുടുംബങ്ങളിലെ ലക്ഷക്കണക്കായവർക്കു നൽകിയ വാഗ്ദാനം ഭരണത്തിന്റെ അവസാന നാളുകളിൽ പോലും നടപ്പാക്കാതെ അവരെ ആശങ്കയുടെ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്.ഇതിനൊരവസാനം ഉണ്ടാകാനും വൃദ്ധജനങ്ങളെ ഭൂതകാല അനുഭവത്തിന്റെ ആകുലതയിൽ നിന്നും രക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും ഉള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
കെ.അശോകകുമാർ
ജനറൽസെക്രട്ടറി
ട്രാൻസ് സ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട്
പന്നിയെ കൊല്ലുന്നതിനുള്ള
അപ്രായോഗിക നിർദേശങ്ങൾ ഒഴിവാക്കണം
വ്യാപകമായി പെരുകിയ കാട്ടുപന്നികൾ തുടർച്ചയായി കൃഷി നശിപ്പിക്കുന്നതിന് പരിഹാരം കാണാൻ ഊർജിത ശ്രമങ്ങൾ വനം, കൃഷി വകുപ്പുകൾ തുടങ്ങേണ്ടിയിരിക്കുന്നു. .വീട്ടിലെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രം വീടിന്റെ പരിസരത്ത് വിളയിക്കുന്ന കാർഷിക വിളവുകൾ പോലും കാട്ടുപന്നി കൂട്ടമായി എത്തി നശിപ്പിക്കുന്നത് കർഷകരെ സംബന്ധിച്ച് പരിഹാരമില്ലാതെ തുടർക്കഥയാകുന്നത് ആശങ്കയുളവാക്കുന്നു. കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിൽ കൂടുതൽ ഇളവുകൾ ഉൾക്കൊള്ളിച്ച് വ്യവസ്ഥകൾ ലളിതമാക്കിയാൽ മാത്രമേ കർഷകർക്ക് പന്നിയുടെ ശല്യത്തിൽ നിന്നും ആശ്വാസം ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലായാലും സങ്കീർണമായ നിയമക്കുരുക്കുകൾ ലളിതമാക്കി കൊണ്ട് കൃഷിനാശം സംഭവിച്ചവരുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും വേഗത്തിൽ ഉണ്ടാകേണ്ടതുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ജനജാഗ്രതാ സമിതിക് കൂടുതൽ അധികാരങ്ങൾ നൽകണം. പന്നിയെ വെടിവെക്കാൻ അനുമതി ലഭിക്കുന്നവർക്ക് , കൃത്യം നിർവഹിക്കുമ്പോൾ വനം ഉദ്യോഗസ്ഥരോടൊപ്പം പ്രദേശത്തെ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ് എന്നിവർ ഉണ്ടായിരിക്കണം തുടങ്ങിയ അപ്രായോഗിക നിർദേശങ്ങൾ പുനഃപരിശോധിക്കണം.
സുനിൽ തോമസ്, കീക്കൊഴൂർ