india-covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കൊവിഡ് കണക്കിൽ ഇന്ന് വലിയ വർദ്ധനയുണ്ടായി. 24 മണിക്കൂറിനിടെ 45,576 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ചൊവ്വാഴ്‌ച സ്ഥിരീകരിച്ചവരുടെ എണ്ണത്തെക്കാൾ 16,000ത്തിലധികം വർദ്ധന. 29,163 ആയിരുന്നു ചൊവ്വാഴ്‌ച സ്ഥിരീകരിച്ച എണ്ണം. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഇതോടെ 89.5 ലക്ഷം ആയി. ഇന്ന് 474 പേർ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,31,578 ആയി.

89,58,483 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 83,83,602 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 93.58 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ പത്ത് ലക്ഷം പേരിൽ ഏ‌റ്റവും കുറവ് രോഗ മരണനിരക്ക് രാജ്യത്താണെന്നും ആരോഗ്യമന്ത്രാലയം നൽകിയ വിവരങ്ങളിലുണ്ട്. പത്ത് ലക്ഷത്തിൽ 3 പേർ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. വിവിധ രാജ്യങ്ങളിൽ ഏ‌റ്റവും ഉയർന്നത് ഫ്രാൻസിലാണ്. 62 പേർക്കാണ് ഇവിടെ. രണ്ടാം സ്ഥാനത്തുള‌ള ബ്രിട്ടനിൽ ഇത് 43 ആണ്. രാജ്യത്തെ ആക്‌ടീവ് കേസ്‌ ലോഡ് 4,43,303 ആണ്. ആകെ സ്ഥിരീകരിച്ച കണക്കിന്റെ 4.95 ശതമാനം.

അതേസമയം ടാ‌റ്റയും അപ്പോളോ ആശുപത്രിയും ചേർന്ന് ജീൻ എഡി‌റ്റിംഗ് സാങ്കേതിക വിദ്യ പ്രകാരം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെസ്‌റ്റിംഗ് കി‌റ്റായ ഫെലൂഡ ഇന്ന് ഡൽഹിയിൽ പുറത്തിറക്കും.നിലവിലെ ആർ.ടി.പി.സി.ആർ സാങ്കേതിക വിദ്യയെക്കാൾ സാമ്പത്തികമായി ലാഭകരവും ഏതാണ്ട് തത്തുല്യമായ കൃത്യതയുമുള‌ള കി‌റ്റാണിത്. അതേ സമയം ആഗോള കൊവിഡ് നിരക്ക് 5,61,87,563 ആയി. 1,15,25,540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയാണ് രോഗബാധിതരുള‌ള രാജ്യങ്ങളിൽ ഒന്നാമത്. ലോകമാകെ 13,48,600 പേർക്കാണ് രോഗം മൂലം ജീവൻ നഷ്‌ടമായത്.