ഏതാണ്ട് മുപ്പതുവർഷം മുൻപ് അട്ടപ്പാടി മേഖലയിൽ ജോലി ചെയ്യുന്ന കാലം. കളകളമൊഴുകുന്ന കുന്തിപ്പുഴയുടെ തീരത്തേക്ക് ഗസ്റ്റ് ഹൗസിൽ നിന്ന് ഏറെ ദൂരം താഴേക്കിറങ്ങി എത്തി. പളുങ്കുമണികൾ ചിതറിയ പോലെ പാറക്കെട്ടിൽ തട്ടി വെള്ളത്തുള്ളികൾ മുഖത്തേയ്ക്കെത്തുന്ന കുളിർമ്മ ആസ്വദിച്ചിരിക്കുമ്പോൾ രണ്ട് കൊച്ച് ആദിവാസി പെൺകുട്ടികൾ പുഴയിൽ കുളിക്കാനെത്തി. അവരുടെ നിഷ്കളങ്കമായ ചിരി മാത്രം എത്ര സന്തോഷമുളവാക്കുന്നു! ആ കുട്ടികളുടെ ചെമ്പിച്ച മുടിയിൽ പുരട്ടാൻ എണ്ണ കൊടുത്തിട്ട് അതു തേച്ചു പിടിപ്പിക്കാൻ പറഞ്ഞപ്പോൾ അവരതു സന്തോഷത്തോടെ ചെയ്തു. പിന്നെ ഷാംപുവും സോപ്പും കൊടുത്തപ്പോൾ അവർക്കുണ്ടായ സന്തോഷവും അദ്ഭുതവും പറഞ്ഞറിയിക്കാനാവില്ല. കുളി കഴിഞ്ഞു കയറിപ്പോയ ആ കുഞ്ഞുങ്ങളുടെ സന്തോഷം ഒരു ആനയെ കൊടുത്തതിലുമപ്പുറം! (അവരെ ഉപഭോഗസംസ്കാരം പഠിപ്പിച്ചതായി എന്നെ വേണമെങ്കിൽ കുറ്റപ്പെടുത്താം) ആ കുഞ്ഞുങ്ങളുടെ സന്തോഷം എന്നിൽ നിറച്ച അനുഭൂതി, ഓർമ്മയിൽ ഇന്നും ഉണരുന്നു.
ആദിവാസി മേഖലകളിൽ നിന്നുള്ള ഓഫീസർ ട്രെയിനികൾ പരിശീലനകാലത്ത് മസൂറിയിലും ഹൈദരാബാദിലും ഏറ്റവുമധികം അടുപ്പം പുലർത്തുന്ന വരും സന്തോഷകരമായി സമയം ചെലവഴിയ്ക്കുന്നവരുമായിരുന്നു എന്ന് ഞാനിന്നും ഓർക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുകാരൻ നേഗി റിട്ടയർ ചെയ്തു.
കിന്നോറിലെ ജനങ്ങൾക്കൊപ്പം കാട്ടിൽ പിറന്നാൾ ആഘോഷിച്ചു തിരിച്ചെത്തിയതിന്റെ ചിത്രം ഗ്രൂപ്പിൽ നേഗി പോസ്റ്റു ചെയ്തിരുന്നു. പരിശീലന കാലത്തെ അതേ ഊർജ്ജസ്വലത. മനുഷ്യനെ ആക്രമിക്കുന്ന കടുവയിൽ നിന്നു ഗ്രാമീണർക്കു സംരക്ഷണം നൽകാനും ഗ്രാമീണരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും ഇന്നും നേഗിക്കു കഴിയുന്നു. അതിന്റെ സന്തോഷവും സംതൃപ്തിയും മുഖത്തു കാണാം.
ഭൂട്ടാനിലെ ഭരണഘടനയിൽ ഗവൺമെന്റിന്റെ ലക്ഷ്യമായി 'ഹാപ്പിനെസ് ഇൻഡക്സ് "2008 ൽ ഉൾപ്പെടുത്തിയിരുന്നു. ജനങ്ങളുടെ സന്തോഷത്തിനാണ് അവർ 'ജി.ഡി.പി"യെക്കാൾ പ്രാധാന്യം നൽകുന്നത്. കോവിഡിന്റെ മാരകശക്തിയെ നേരിടുന്നതിലും ഭൂട്ടാൻ വൻശക്തികളെ ഒക്കെ പിന്നിലാക്കിയിരിക്കുന്നു. 2020 ജനുവരി ഒന്ന് മുതൽ നവംബർ 16 വരെ 375 കൊവിഡ് കേസുകളാണ് ആകെ റിപ്പോർട്ടു ചെയ്തത്. ആരും മരിച്ചിട്ടില്ല. ഇത് വളരെ കൗതുകം ജനിപ്പിക്കുന്നു. മറ്റുള്ളവർക്കു (മറ്റുള്ളവർ എന്നാൽ ജന്തുക്കളും സസ്യങ്ങളുമൊക്കെ ഉൾപ്പെടും) സന്തോഷമുളവാക്കുന്ന കാര്യങ്ങൾ ചെയ്യുകയും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന വജ്രയാന ബുദ്ധിസത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭൂട്ടാൻ 'ഹാപ്പിനെസ് ഇൻഡക്സ് " എന്ന വികസനനയം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു വർഷത്തെ വരുമാനം 'ഗ്രാന്റാ"യി കോവിഡിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ഭൂട്ടാൻ ഗവൺമെന്റ് നൽകുന്നു. അവിടെ ബാങ്കുകൾ പ്രധാനമായും പ്രൈവറ്റ് സെക്ടറിലാണ്. അവർ മറ്റുള്ളവരുടെ വിഷമമറിഞ്ഞ് ആറുമാസത്തേക്ക് പലിശ ഒഴിവാക്കി നൽകിയിരിക്കുന്നു. ആരോഗ്യ, മാനസികാരോഗ്യരംഗത്തിന് ഏറെ പ്രാധാന്യം നൽകുന്നു. ആദ്ധ്യാത്മികമായ ഉന്നമനത്തിനുമുണ്ട് പ്രാധാന്യം. സമൂഹമെന്ന നിലയിലുള്ള അസ്ഥിത്വത്തിനു പ്രാധാന്യമേറുമ്പോൾ അവനവനിലേക്കു ചുരുങ്ങുന്ന ആധുനിക മനുഷ്യന്റെ അങ്കലാപ്പുകൾക്ക് അറുതി വരുന്നു. ഭൂട്ടാനെന്ന ചെറു രാജ്യത്തിന്റെ ജീവിത സംതൃപ്തിയുടെ അളവുകോൽ മറ്റുള്ളവരുടെ മനസിൽ നമുക്കു സൃഷ്ടിക്കുവാൻ കഴിയുന്ന പുഞ്ചിരിയെ കൂടി ആസ്പദമാക്കി നിർണയിച്ചിരിക്കുന്നു. ലോകം കോവിഡിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഭൂട്ടാൻ സ്വച്ഛന്ദമായി ഒഴുകുന്നു.
ബരാക് ഒബാമ തന്റെ ആത്മകഥയിൽ ചെറുപ്പത്തിൽ തന്റെ അമ്മ ആൻ ഡൻഹാം എന്ന ശക്തയായ സ്ത്രീയുടെ സ്വാധീനം വിവരിക്കുന്നുണ്ട്.
സ്കൂളിൽ വച്ച് കൊച്ച് ബാരി ഒരു കുട്ടിയെ കളിയാക്കി എന്നു കണ്ടുപിടിച്ച അമ്മ, ബാരിയെ പിടിച്ചിരുത്തി പറഞ്ഞു, 'ഈ ലോകത്തിൽ ചില ആളുകളുണ്ട്. അവർ അവരെപ്പറ്റി മാത്രം ചിന്തിക്കുന്നു. അവർ അവർക്കു വേണ്ടതെല്ലാം കിട്ടുന്നേടത്തോളം നാൾ മറ്റുള്ളവർക്ക് എന്തു സംഭവിക്കുന്നു എന്നതിൽ ശ്രദ്ധിക്കുന്നേയില്ല. അവർ മറ്റുള്ളവരെ ഇകഴ്ത്തിക്കൊണ്ട് സ്വന്തം ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നു. എന്നാൽ മറ്റു ചിലരുണ്ട്. അവരെപ്പോഴും മറ്റുള്ളവരെ അവർ ചെയ്യുന്ന കാര്യങ്ങൾ ബാധിക്കുമോ, എന്നു ചിന്തിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നു. നീ ഇതിലേതു തരം ആളാകാനാണിഷ്ടപ്പെടുന്നത്?"
അമ്മയുടെ ഈ ചോദ്യം ഒബാമയുടെ മനസ്സിൽ ഏറെക്കാലം നിലനിന്നു. മറ്റുള്ളവരെ, ചുറ്റുപാടുകളെ വേദനിപ്പിക്കാതെ, മറ്റുള്ളവർക്കു കൂടി സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടു ജീവിക്കേണ്ടതിന്റെ പ്രാധാന്യം: 'അവനവനാത്മസുഖത്തിനാചരിപ്പത് അപരന്നു സുഖത്തിനായ് വരേണ"മെന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളിൽ തിളങ്ങുന്ന സത്യവും മറ്റൊന്നല്ല. നമ്മുടെ ഓരോരുത്തരുടേയും സന്തോഷത്തിന്റെ മാനദണ്ഡമാണ് നാം എത്ര സന്തോഷം നിറഞ്ഞ ജനതയാണെന്നു നിർണയിക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കു സന്തോഷം കണ്ടെത്താൻ ഈ പ്രപഞ്ചത്തിൽ ആർക്കും സാദ്ധ്യമല്ല. ഈ സത്യം തിരിച്ചറിയുന്ന ജനത സന്തോഷത്തോടെ ജീവിക്കും.