elope

കോട്ടയം: അർദ്ധരാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം കുളത്തുങ്കൽ പാപ്പനം ഭാഗം അമ്പലത്തിങ്കൽ പ്ലാവില പുത്തൻവീട്ടിൽ ജെ.രജീഷിനെ (18) പൊലീസ് അറസ്റ്റു ചെയ്തു. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോണിലൂടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. കഴിഞ്ഞ 15 നുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വാട്ട്സ് ആപ്പ് വഴിയാണ് പെൺകുട്ടിയും യുവാവും സൗഹൃദത്തിലായത്. ഇതിനിടെ പെൺകുട്ടിയെ കാണാനായി യുവാവ് രാത്രി തിരുവനന്തപുരത്തു നിന്ന് ബൈക്കിൽ വാകത്താനത്ത് എത്തി.

ഇയാൾ ആവശ്യപ്പെട്ട പ്രകാരം രാത്രി കട്ടിലിൽ തലയിണ പൊതിഞ്ഞ് വച്ചശേഷം പെൺകുട്ടി അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി പുതുപ്പള്ളി പള്ളിയുടെ ഭാഗത്തു ചെന്ന് യുവാവിനെ കണ്ടു. ഇത്തരത്തിൽ മൂന്നു രാത്രിയിൽ പെൺകുട്ടി യുവാവിനെ കാണാൻ ഇറങ്ങിച്ചെന്നു. മൂന്നാം ദിവസം പെൺകുട്ടി പുറത്തിറങ്ങിയതിനു പിന്നാലെ ഇതു കണ്ടു വന്ന വല്ല്യമ്മ അടുക്കള വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു. യുവാവിനെ കണ്ട ശേഷം തിരികെ എത്തിയ പെൺകുട്ടിയ്‌ക്ക് വീട്ടിൽ കയറാനായില്ല.തുടർന്ന് തട്ടിവിളിച്ചതോടെയാണ് മറ്റുള്ളവർ ഉണർന്ന് ചോദ്യം ചെയ‌്‌തതും സംഭവം വെളിപ്പെട്ടതും. പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു.