കൊച്ചി: സ്വപ്‌നയുടെ ശബ്‌ദരേഖയിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവം റെക്കോർഡ് ചെയ്‌ത് ശബ്‌ദരേഖ പുറത്തുവിട്ടതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ സംശയം. ഇന്നലെ രാത്രി തന്നെ ശബ്‌ദരേഖ പുറത്തുവന്ന കാര്യം എൻഫോഴ്‌സ്‌മെന്റ് അറിഞ്ഞിരുന്നു. ഉടൻ തന്നെ പ്രാഥമിക അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് നടത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി സ്വപ്‌ന തങ്ങൾക്ക് മൊഴി നൽകിയത് ഈ മാസം പത്താം തീയതി ആയിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ പറയുന്നത്. ശിവശങ്കറിന് സ്വർണക്കടത്തിലുളള ബന്ധത്തെപ്പറ്റിയും സ്വപ്‌ന ഈ ദിവസമാണ് മൊഴി നൽകിയത്. എന്നാൽ ശബ്‌ദരേഖയിൽ ഈ മാസം ആറിനാണ് മൊഴി നൽകിയതെന്നാണ് സ്വപ്‌ന പറയുന്നത്. ആറാം തീയതി ഇത്തരത്തിൽ മൊഴി എടുത്തിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.
ശബ്‌ദരേഖയിൽ ഒരിടത്തും സ്വപ്‌ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെപ്പറ്റി പരാമർശിക്കുന്നില്ലെന്നും ഇ ഡി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണമാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. സ്വപ്‌ന മൊഴി നൽകിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കവെയുളള ശബ്‌ദരേഖ അതീവ ഗൗരവത്തോടെയാണ് എൻഫോഴ്‌സ്‌മെന്റ് നോക്കികാണുന്നത്.