യാത്ര കാട്ടിലേക്കാണെങ്കിൽ ആ അനുഭവങ്ങൾ മതിപിന്നീടുള്ള സ്വാസ്ഥ്യജീവിതത്തിന്. അത്രമേൽ തെളിമയുള്ള ശാന്തമായ കാഴ്ചകളുമായാണ് ഓരോ കാടും നമ്മെ വരവേൽക്കുന്നത്. കർണാടകയിലെ നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലേക്ക് കൊവിഡ് കാലത്തിന്മുമ്പും ശേഷവും നടത്തിയ യാത്രയിൽ മനസിലും കാമറയിലും പതിഞ്ഞ അനുഭവങ്ങളും ചിത്രങ്ങളും. നീണ്ട അടച്ചുപൂട്ടലിനുശേഷം ലോകം കണ്ണു തുറക്കുമ്പോൾ ഒരു അക്ഷരയാത്ര...
കാട് ആസ്വദിക്കാൻ കാഴ്ച പോരാ, പ്രണയവും വേണം. കാടിനോടും വന്യ ജീവികളോടുമുള്ള അടങ്ങാത്ത പ്രണയം. കാടിനെ മനോഹരിയാക്കുന്നത് കാണുന്ന ആളിന്റെ മനസാണ്. വന്യതയുമായി ഇഴുകി ചേർന്ന് എന്നാൽ തികച്ചും സുരക്ഷിതമായൊരു വനയാത്ര. അതാണ് കർണാടകയിലെ നാഗർഹോളെ കടുവ സംരക്ഷണകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. കാടിനെ പ്രണയിക്കുന്നവർക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും ഒരു സാഗരമാണവിടം. കരിമ്പുലിയും കടുവയും പുള്ളിപ്പുലിയുമാണ് പ്രധാന ആകർഷണം. ഇവയെ കാമറയിൽ പകർത്താനും കൺകുളിർക്കെ കാണാനുമാണ് ധാരാളം ആളുകൾ ഇവിടേക്ക് സഫാരിക്കായി എത്തുന്നത്. യഥേഷ്ടം കാണാവുന്ന മാനുകളും പലതരം പക്ഷികളും ഒറ്റപ്പെട്ടുള്ള ആനയും മയിലുകളും കരടിയും കാട്ടുനായകളുമെല്ലാം കാഴ്ചയുടെ മറ്റൊരു വസന്തം പകരും. സഫാരി ചെയ്യുന്നവർക്കെല്ലാം ഇവയെ കാണാൻ കഴിയണമെന്നില്ല. കണ്ടാലും ഫോട്ടോ കിട്ടണം എന്നില്ല, ഭാഗ്യമാണത്. അവിടെയുള്ള ഡ്രൈവർമാർ സഫാരി വാഹനവുമായി പറന്നും പതുങ്ങിയും കടുവയെയും പുലിയെയുമൊക്കെ കണ്ടെത്താൻ ശ്രമിക്കും. അവർ അനുഭവിച്ച വഴികളാണ് നമ്മുടെ ഭാഗ്യവും.
സർപ്പങ്ങളുടെ പുഴയിൽ
സൗത്ത് ഇന്ത്യൻ സംസ്ഥാനമായ കർണാടകയിൽ മൈസൂർ, കുടക് ജില്ലകളിലായാണ് നാഗർഹോളെ സ്ഥിതി ചെയ്യുന്നത്. 642.39 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ച് കിടക്കുന്ന നാഗർഹോളെ ടൈഗർ റിസേർവ് നിരവധി പേരുകളിലായാണ് അറിയപ്പെടുന്നത്. രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്നാണ് ആദ്യ നാമം. പിന്നീട്, നാഗർഹോളെ നാഷണൽ പാർക്ക് എന്ന് മാറ്റി. 1999ൽ ഇവിടം കടുവ സംരക്ഷണ മേഖലയായും (Tiger reserve) പ്രഖ്യാപിച്ചു. കർണാടക കബിനി ഭാഗത്തായുള്ള കാടിനെ കബിനി വനം എന്നും പറയുന്നു. നാഗർഹോളെ എന്നാൽ കന്നട ഭാഷയിൽ 'സർപ്പങ്ങളുടെ പുഴ" എന്നർത്ഥം. (Nagara - Serpent : Hole - River). ബന്ദിപ്പൂർ നാഷണൽ പാർക്ക്, മുതുമലൈ നാഷണൽ പാർക്ക്, വയനാട് വൈൽഡ് ലൈഫ് സങ്കേതം എന്നിവയുമായി നാഗർഹോളെ നാഷണൽ പാർക്ക് കൂടെ ചേരുമ്പോൾ സൗത്ത് ഇന്ത്യയിലെ വളരെ വലിയ സംരക്ഷണ മേഖലയായി ഇവിടം മാറുന്നു. കരിമ്പുലിയാണ് ഇവിടത്തെ താരം. ഞങ്ങൾ പ്രധാനമായും കടുവയെ കാണാനായാണ് സഫാരിക്ക് ഇറങ്ങി തിരിച്ചത്. കബിനി സഫാരിയെക്കുറിച്ച് കേട്ടറിഞ്ഞ് കർണാടകയിലേക്ക് ചേക്കേറിയ ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങൾ എത്തിയപ്പോൾ സഫാരി കേന്ദ്രം ഇരുട്ടിലായിരുന്നു. ചെറിയ വെളിച്ചം പോലുമില്ല. മറ്റാരേയും അവിടെ കണ്ടില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നു, രണ്ടു പേർ പുറത്തിറങ്ങി. ടിക്കറ്റ് കൗണ്ടർ അവർ കാണിച്ചു തന്നെങ്കിലും അവിടെ ആരേയും കാണാത്തതു കൊണ്ട് വിശ്രമിക്കാനായി തയ്യാറാക്കിയ ഒരു ഭാഗത്തേക്ക് ഞങ്ങൾ നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് കാറുകളും ഒരു ബൈക്കും വന്നു, അവർ വാഹനങ്ങളിൽ നിന്നിറങ്ങി കൗണ്ടറിനടുത്തേക്ക് നടന്നു. ഇനി പെട്ടെന്ന് ആളുകളെത്തി തുടങ്ങും എന്ന് കരുതി ഞങ്ങളും എഴുന്നേറ്റ് നടന്നു. ഇരുട്ടിൽ തപ്പി തടഞ്ഞ് അവിടെയെത്തിയപ്പോൾ, മുന്നിലതാ ഒരു വലിയ ക്യൂ. ഇരുട്ടായത് കൊണ്ട് അവിടെ ആളുകളുള്ളത് മനസിലാവാത്തതായിരുന്നു. അപ്പോഴെങ്കിലും അവിടേക്ക് വരാൻ തോന്നിയത് നന്നായി. പല സംസ്ഥാനങ്ങളിലേയും ആളുകൾ എത്തിയിട്ടുണ്ട്. പല ഭാഷക്കാരാണെങ്കിൽ എല്ലാവർക്കും ഒരേയൊരു ലക്ഷ്യം. അതിനിടയിൽ തലേന്ന് ഇവിടെ വച്ച് പരിചയപ്പെട്ട കുറച്ച് മലയാളികളേയും കണ്ടു. ഇവരെല്ലാം മുൻപും ഇവിടെ വന്നിട്ടുള്ളവരും ഇന്നലത്തെ അവസാന സഫാരിയിൽ പോയവരുമാണ്. അവർക്ക് കിട്ടിയ പടങ്ങൾ കാണിച്ചു തന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയാണ് ഇവരുടെ മെയിൻ. കൂട്ടത്തിലൊരാൾ ബൈജു, സോപ്പു കൊണ്ട് രൂപങ്ങൾ നിർമിച്ച് റെക്കോർഡ് നേടിയ മനുഷ്യനാണ്. പിന്നെ തെയ്യത്തിന്റെ നാട്ടിൽ നിന്നും വിജേഷ് മാറോളി, തിരുവനന്തപുരം സ്വദേശി സൂരജ് രാജൻ. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം 5.30ന് ടിക്കറ്റ് കൗണ്ടർ തുറന്നു, ആകെ ബഹളമയം. ഐഡി കാർഡ് കാണിച്ച് ടിക്കറ്റെടുത്തു. ബസും സീറ്റ് നമ്പറും ടിക്കറ്റിൽ കുറിക്കും.
അവസാനത്തെ ഇരുപത് മിനിട്ടിൽ
മൂന്ന് ബസുകളാണ് സഫാരിക്ക് തയ്യാറായിട്ടുള്ളത്. ആദ്യ ബസിൽ അവസാനത്തേതാണ് ഞങ്ങളുടെ സീറ്റ്. മറ്റ് മലയാളി ഫോട്ടോഗ്രാഫർമാരും ഞങ്ങളുടെ ബസിൽ തന്നെയായത് ഭാഗ്യമായി. കൂടുതലായും ഫോട്ടോഗ്രാഫർമാർ തന്നെയാണ് ഇവിടേക്ക് വരുന്നത്. എല്ലാവരുടെ കൈയിലും കാമറയും വലിയ ലെൻസും. എന്നാൽ, കാമറയിലും ലെൻസിലുമല്ല കാര്യമെന്നും ചിലപ്പോൾ എത്ര ടെലി ലെൻസ് ഉണ്ടെങ്കിലും പടം കിട്ടിക്കൊള്ളണമെന്നില്ലെന്നും അവർ അനുഭവം പങ്കുവെച്ചു. അത് ഞങ്ങൾക്ക് ആവേശവും പുതുസൗഹൃദവും പകർന്നു. കൃത്യം 6.30ന് ബസ് എടുത്തു. കുറച്ച് ദൂരം റോഡിലൂടെ പോയ ശേഷം നാഗർഹോളെ ടൈഗർ റിസേർവിലേക്ക്. രണ്ടര മണിക്കൂർ ആണ് സഫാരിയ്ക്ക് അനുവദിച്ച സമയം. അവധി ദിവസങ്ങളിലാണെങ്കിൽ ഒന്നര മണിക്കൂറും. ടിക്കറ്റ് ഫീയും അതിനനുസരിച്ച് ഒരാൾക്ക് 500 എന്നത് 350 ആയി കുറയും. നേരം വെളുത്ത് വരുന്നു. തണുപ്പിന് ഒട്ടും കുറവില്ല. ബസിന്റെ ഇരുവശങ്ങളിലും ഗ്ലാസോ കമ്പിയോ ഒന്നുമില്ലാത്തതിനാൽ തണുത്ത് വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു. തണുത്ത കാലാവസ്ഥയിലും വേനലിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് പ്രകൃതി. പച്ചപ്പിൽ നിന്നും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു നിറങ്ങൾ. ഏറെ നേരം കാട്ടിലൂടെ ബസ് ചീറി പാഞ്ഞു. കടുവയെ കാണാൻ സാദ്ധ്യതയുള്ള ചിലയിടങ്ങളിൽ കുറച്ച് നേരം വാഹനം ഒതുക്കി. ഇടയ്ക്ക് തുറന്ന ജീപ്പുകളിലായി വിദേശികളെ കണ്ടു. ഇടതൂർന്ന കാടല്ലെങ്കിലും മനോഹരമായ കാട്. സഫാരി വാഹനങ്ങൾക്ക് പോവാനായി ചെറിയ കാനനപാതകളുണ്ട്. ചെറിയ കുളങ്ങളാലും അരുവികളാലും കുന്നുകളാലും താഴ്വാരങ്ങളാലും വെള്ളച്ചാട്ടങ്ങളാലും സമ്പുഷ്ടമാണ് നാഗർഹോളെ. ഈട്ടി, തേക്ക്, ചന്ദനം, സിൽവർ ഓക്ക് എന്നീ മരങ്ങൾക്ക് വിശിഷ്ടം.
ഒരു മണിക്കൂർ കടന്നു പോയി. ഇടയ്ക്ക് കാണുന്ന മാനുകളല്ലാതെ മറ്റൊന്നുമില്ല. അതാവാം ചുവപ്പും കറുപ്പും നിറമുള്ള ഒരു മരം കൊത്തിയെ കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ഒരു പടം പോലും കിട്ടിയില്ലെന്ന് ആരും പറയരുതല്ലോ. സമയം പിന്നേയും കടന്നു പോയി. ഇടയ്ക്ക് മറ്റൊരു ബസിനെ കണ്ടപ്പോൾ അവർ നാലു കടുവകളെ അപ്പോൾ കണ്ടതേയുള്ളൂ എന്ന് പറഞ്ഞു. ബസ് അവിടെ നിർത്തിയിട്ടിരിക്കുമ്പോൾ രണ്ട് കാട്ടുകോഴികൾ എത്തി. ഫോട്ടോഗ്രാഫർമാർ എല്ലാവരും കാമറയെടുത്ത് മിന്നിക്കാൻ തുടങ്ങി. കോഴിയെങ്കിൽ കോഴി. അതിനിടെ പീലി വലിച്ചിഴച്ച് ഒരു സുന്ദരൻ മയിലും അതുവഴി പോയി. കടുവ, പുലി, മാനുകൾ, സസ്യജാലങ്ങൾ തുടങ്ങി നീണ്ടു കിടക്കുന്ന സസ്യമാംസഭുക്കുകൾ ചേർന്ന് വളരെ കൃത്യമായ ഒരു വലിയ ആഹാരശൃഖല തന്നെ പ്രകൃതി ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് മണിക്കൂർ കഴിഞ്ഞു. കളിയും ചിരിയുമെല്ലാം അവസാനിച്ചു. നിരാശയുടെ പടുകുഴിയിൽ എത്തി നിൽക്കുകയായിരുന്നു എല്ലാവരും. എന്നാൽ അവസാന ഇരുപത് മിനിറ്റ് ആകെ മാറി മറിഞ്ഞു. കാടിനുള്ളിലേക്ക് കയറി പോവുന്ന ഒരു കടുവയെയാണ് ആദ്യം കണ്ടത്. അത് കയറിപ്പോയ കാടിന്റെ എതിർവശത്തായി അവരെയും കാത്ത് പ്രതീക്ഷയോടെ ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക് നടന്നു വന്നത് നാല് ഷേർഖാന്മാർ. യുദ്ധഭൂമിയിൽ തുരുതുരെ വെടിയുതിർക്കുന്നതു പോലെ കാമറയുടെ ഷട്ടറിന്റെ ശബ്ദം. വഴിയിലിരുന്ന് ഞങ്ങളെയൊന്ന് നോക്കിയ ശേഷം അവർ വീണ്ടും എതിർവശത്തെ കാട്ടിലേക്ക് കയറിയപ്പോൾ അത്രയും നേരം ശ്വാസം പോലും അടക്കിപിടിച്ചിരുന്നവർ ഉള്ള് നിറഞ്ഞ് ചിരിച്ചു. തിരിച്ച് വീണ്ടും സഫാരി കേന്ദ്രത്തിലേക്ക്.
കടുവയിലല്ല കാര്യം
കൊവിഡ് 19 കാലത്ത് യാത്ര പ്രാണനായവർ വീട്ടിനുള്ളിൽ ശ്വാസം മുട്ടി. നിയന്ത്രണങ്ങൾ കുറഞ്ഞപ്പോൾ കെട്ടും കെട്ടി ഇറങ്ങി പുതു ശ്വാസത്തിനായി. കൊറോണയുടെ നാട്ടിൽ നിന്ന് കൊറോണ എന്തെന്ന് പോലും അറിയാത്തവരുടെ അടുത്ത് എത്തിപ്പെട്ട അവസ്ഥയായിരുന്നു കബിനിയിൽ. മാസ്ക് ധരിച്ച ഞങ്ങളെ അവർ അത്ഭുതപൂർവം നോക്കി. കുറച്ച് മാസങ്ങൾക്കുള്ളിൽ കൊകന കൊട്ടെയിലെ സഫാരി കേന്ദ്രത്തിന് വലിയ മാറ്റങ്ങൾ വന്നു. അന്നത്തെ ആദ്യസഫാരിയിൽ മാനുകളെ മാത്രമേ കണ്ടുള്ളൂ.
പ്രതീക്ഷ കൈവിടാതെ വൈകുന്നേരത്തെ സഫാരിക്ക് കയറി. സഫാരി വാഹനങ്ങൾ കടന്നു പോവുമ്പോൾ പൊടിമണ്ണ് പറന്നു. ചൂടിന് പകരം ചെറു തണുപ്പായിരുന്നു അന്തരീക്ഷത്തിന്. രണ്ടാമത്തെ സഫാരിയും പാഴായി എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മറ്റൊരു അസുലഭ നിമിഷം കരടിയുടെ രൂപത്തിൽ കടന്നുവന്നത്. ഒരു ഭാഗത്തേക്കും നോക്കാതെ ഞൊടിയിട കൊണ്ട് കരടി റോഡു കടന്ന് പൊന്തയ്ക്കുള്ളിലേക്ക് മറഞ്ഞു.
ഒരിടത്തും നിൽക്കാതെ ഓടി നടക്കുന്ന കീരികളും കുത്തിമറിയുന്ന കാട്ടുപന്നികളും ഇടയ്ക്കിടെ കാമറയെ ഉണർത്തി. സഫാരി സമയം കഴിയാനായിരുന്നു. പ്രവേശന ഭാഗത്തേക്ക് തിരിച്ചപ്പോഴാണ് കരിവീട്ടി പോലുള്ള ആനയെ കണ്ടത്. എല്ലാ ആനകളുടെയും നിറം കറുപ്പാണെങ്കിലും ഇവന്റെ നിറത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു, തിളങ്ങുന്ന യഥാർത്ഥ കറുപ്പ്. നല്ല നീളൻ കൊമ്പുകളും. അവസാന സഫാരിക്ക് തയ്യാറായി പുലർച്ചെ കൊകന കൊട്ടെയിലെ ടിക്കറ്റ് കൗണ്ടറിൽ എത്തി. ഓരോ നിമിഷങ്ങളിലും ഓരോ ഭാവങ്ങളാണ് പ്രകൃതിക്ക്. നനുത്ത മഞ്ഞ് മാറി, ഇളം വെയിലിന്റെ തിളക്കം വെടിഞ്ഞ്, മഴയിൽ അലിഞ്ഞ് നിൽക്കുന്ന നാഗർഹോളെയാണ് ഞങ്ങളെ വരവേറ്റത്. സൂര്യനൊപ്പം കൺ തുറന്ന പക്ഷികളും മാനുകളും ശബ്ദമുണ്ടാക്കി. കുരങ്ങുകൾ മരങ്ങളിൽ നിന്നും താഴേക്ക് ഇറങ്ങി. നാഗർഹോളെയിലെ യാത്രയിൽ കണ്ണുകൾക്ക് ഒരിക്കലും വിശ്രമമുണ്ടാവില്ല. മരങ്ങൾക്ക് മുകളിലും മരച്ചില്ലകളിലും പൊന്തക്കാടുകളിലും താഴ്വാരങ്ങളിലും കുളങ്ങളിലും മണ്ണിലും നമ്മുടെ കണ്ണുകൾ മറ്റ് കണ്ണുകളെ പരതി കൊണ്ടിരിക്കും. ശബ്ദങ്ങളെ ശ്രവിക്കാൻ കാതും കൂർത്തിരിക്കും. ഇsയ്ക്കായി നനഞ്ഞ മണ്ണിൽ കാൽപാദങ്ങൾ കണ്ടത് ഞങ്ങളുടെ സഫാരി ഡ്രൈവർ ബോഗി ആയിരുന്നു. കാൽപാടുകൾ കടുവയുടേത് എന്ന് മനസിലാക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടായില്ല. നാല് വിരലുകളും പാദവും കൃത്യമായി മണ്ണിൽ പതിഞ്ഞിരിക്കുന്നു. പാദങ്ങളുടെ ദിശ നോക്കി കടുവ സഞ്ചരിച്ചത് ഞങ്ങളുടെ പിറകിലേക്കാണെന്ന് മനസിലായി. പാദത്തിന്റെ അളവുകൾ മനസിലാക്കി കടുവയുടെ പ്രായം, ശരീര വലിപ്പം, വർഗം തുടങ്ങി അനേകം കാര്യങ്ങൾ മനസിലാക്കാം. കാട്ടിലെ രാജാക്കന്മാർക്ക് വേണ്ടിയുള്ള കണ്ണുകളുടെ തിരച്ചിലിൽ ദൂരെയായി പുള്ളിമാനുകളുടെ ഇടയിൽ മറ്റൊരാൾ ശ്രദ്ധയിൽ പെട്ടു. കുറച്ച് കൂടെ അടുത്തെത്തിയപ്പോഴാണ് ആളെ മനസിലായത്, മാൻ വർഗത്തിലെ വലുപ്പമേറിയ ആളാണ് മ്ലാവ് (Sambar deer),കലമാൻ എന്നു കൂടി അറിയപ്പെടുന്നു.
വിസ്മയങ്ങളുടെ പക്ഷിജാലം
പരിമിതമായ സഫാരി സ്ഥലത്തെ വിശാലമായ കുളത്തിന് സമീപം ബസ് നിർത്തിയിട്ടിരിക്കുകയിരുന്നു ഞങ്ങൾ. അപ്പോഴാണ് ഒരു കുഞ്ഞൻ കിളി പറന്നു വന്ന് സമീപത്തെ മരക്കുറ്റിയിൽ ഇരുന്നത്. കാണാൻ ഇത്തിരി കുഞ്ഞനെങ്കിലും ആളൊരു സുന്ദരനും വ്യോമാഭ്യാസിയുമാണ്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ഈ കക്ഷി, നാട്ടുവേലിതത്ത. ചിലയിടങ്ങളിൽ വാഴക്കിളിയെന്നും വിളിക്കുന്നു. പച്ച നിറത്തിലും പേരിലുമല്ലാതെ ഇവയ്ക്ക് നാട്ടുതത്തകളുമായി സാദൃശ്യമൊന്നുമില്ല. കടുവകളുടെ കാൽപാദങ്ങൾ ഞങ്ങളെ എത്തിച്ചത് ഇതുവരെ കാണാത്ത മറ്റൊരു കാഴ്ചയിൽ. നാഗർഹോളെ ടൈഗർ റിസേർവ് പേരുപോലെ തന്നെ കടുവകൾക്ക് പ്രസിദ്ധിയാർജിച്ചതാണെങ്കിലും അവിടെ ഇങ്ങനെയൊരു പക്ഷി സങ്കേതം കൂടെയുണ്ടെന്നത് അത്ഭുതമായിരുന്നു. പല വലുപ്പത്തിലും വർണത്തിലുമുള്ള പക്ഷികൾ... കൂടുതലും മയിലുകൾ. വാലിന് നീളം കുറവുള്ള പെൺമയിലുകൾ യഥേഷ്ടം വിഹരിക്കുമ്പോൾ ഇടയ്ക്കായി നീണ്ട മനോഹരമായ പീലികളുമായി ആൺ മയിലുകൾ ഗാംഭീര്യം വിടാതെ തലയുയർത്തി നിൽക്കുന്നതും കാണാം. വ്യത്യസ്തനായൊരാളെ അപ്പോൾ കണ്ടു, ഒരു ഒറ്റകൊമ്പൻ! ആന ചരിഞ്ഞ് നിൽക്കുകയായിരുന്നത് കൊണ്ട് കൊമ്പ് ഒന്നേയുള്ളൂ എന്ന് ആദ്യം ശ്രദ്ധിച്ചിരുന്നില്ല. അറിഞ്ഞപ്പോഴും മുന്നിൽ നിന്നുള്ള ഫോട്ടോ കിട്ടിയില്ല. ആന ഞങ്ങളുടെ തൊട്ടടുത്തായിരുന്നതുകൊണ്ട് മുന്നിൽ ബസ് നിർത്തൽ അത്ര പന്തിയായിരുന്നില്ല.
കബിനി യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു സഫാരിയിലെ അവസാന നിമിഷങ്ങൾ. മയിലുകൾ തലങ്ങും വിലങ്ങും പറക്കുന്നതിനിടയിലാണ് മനസിനെ കുളിർപ്പിച്ച ആ കാഴ്ച കണ്ടത്. സുന്ദരനായ ഒരു ആൺ മയിൽ പീലി വിടർത്തി നിൽക്കുന്നു. ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെ കുറച്ചുനേരം നോക്കി നിന്നു പോയി. ഞങ്ങളെ കണ്ട് പറന്നു പോയാലോ കരുതി കുറച്ച് ദൂരെയായി ബസ് നിർത്തി. മയിൽ ഞങ്ങളെ ഗൗനിക്കാതെ അതിന്റെ ഇണയെ ആകർഷിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിന്നിടത്തു നിന്ന് പെട്ടെന്ന് ചടുലതയോടെ കാലുകളിൽ തത്തി തത്തി കുറച്ച് മുന്നോട്ട് നീങ്ങി, തന്റെ പീലികൾ ഒന്നു വിറപ്പിച്ചു. ഒന്നുനിന്ന ശേഷം വിരിഞ്ഞു നിൽക്കുന്ന പീലിയുടെ ഇരുവശങ്ങളിൽ നിന്നും എടുത്തെറിഞ്ഞ പോലെ മുകളിലേക്ക് ഒരു വീശൽ. പിന്നെ പതിയെ പീലികൾ കുറച്ച് താഴ്ത്തി. ചെറിയൊരു അലയൊലി കൂടി തീർത്ത ശേഷം പീലികൾ പൂർണമായും നിലം തൊട്ടു. ആദ്യയാത്രയിൽ നാല് കടുവകളെ തന്ന് കാട് കനിഞ്ഞപ്പോൾ രണ്ടാമത്തെ സഫാരി ഒരുപറ്റം മനോഹരമായ കാഴ്ചകളാണ് നൽകിയത്. നാഗർഹോളെ വനത്തെയും നാടിനെയും വേർതിരിച്ച വേലിക്ക് ഉള്ളിലൂടെ കാടിനെ അടുത്തറിയാനായി, കടുവയുടെ ഗാംഭീര്യം പകർത്താനായി, ഓടിയൊളിക്കുന്ന കരടിയെ കാണാനായി, മയിലുകളുടെ ഭംഗി ആസ്വദിക്കാനായി, നല്ല കാഴ്ചകൾക്കായി, ഇനിയും യാത്ര പോവാം.
(ലേഖകന്റെ ഫോൺ നമ്പർ:7736392219)