ശബരിമല: കൊവിഡ് നിയന്ത്രണങ്ങൾ ഇപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ശബരിമല തീർത്ഥാടനത്തെയാണ്. വിരലിലെണ്ണാവുന്ന ഭക്തർ മാത്രമാണ് മലകയറി അയ്യപ്പനെ തൊഴാൻ എത്തുന്നത്. ഇതുകാരണം ഭീമമായ നഷ്‌ടത്തിലാണ് തിരവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു.
ഇതിൽ നിന്നും കരകയറാൻ പുതിയവഴി തേടിയിരിക്കുകയാണ് ബോർഡ്. അരവണയും ആടിയശിഷ്ടം നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ തപാൽ വകുപ്പുമായി ചേർന്ന് ദേവസ്വം ബോർഡ് ധാരണയായിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെവിടെയും ശബരിമല പ്രസാദം ഭക്തർക്ക് ലഭ്യമാകും. കിറ്റ് ഒന്നിന് 450 രൂപയാണ് ഈടാക്കുക.
ഒരു ടിൻ അരവണ, ഭസ്‌മം, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾപൊടി, അർച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 250 രൂപ ദേവസ്വം ബോർഡിനും 200 രൂപ തപാൽ വകുപ്പിനുമാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നൽകുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റിൽനിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.
വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഭക്തർക്ക് പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചു മൂന്ന് ദിവസത്തിനകം പ്രസാദം വീട്ടിലെത്തുമെന്ന് അധികൃതർ പറയുന്നു. എത്ര കിറ്റ് വേണമെങ്കിലും ലഭിക്കും. ഇതുവരെ 5000ത്തോളം ഓർഡർ ലഭിച്ചതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സന്നിധാനത്ത് ഉള്ള അപ്പം, അരവണ കൗണ്ടറുകളിൽ നിന്നും ആവശ്യത്തിന് പ്രസാദം വാങ്ങാം.