k-surendran

തിരുവനന്തപുരം: സ്വപ്‌ന സുരേഷും ധനമന്ത്രി തോമസ് ഐസക്കുമായുളള ബന്ധം തമാശക്കളിയല്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിസഭയിൽ അംഗങ്ങളായ പലരും സ്വർണക്കടത്ത് സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുണ്ട്. മസാല ബോണ്ടിന് പിന്നിലെ അഴിമതികൾ ഉടൻ പുറത്തുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്വർണക്കടത്ത് സംഘത്തിന് എല്ലാ ഒത്താശയും ചെയ്‌ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒരു ക്യാപ്‌സൂൾ കൊണ്ടും പിടിച്ച് നിൽക്കാൻ ഈ സർക്കാരിനാകില്ല. ജനങ്ങൾ അത്ര മാത്രം സർക്കാരിനെ വെറുത്തിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്‌നയെ അനധികൃതമായി ആളുകൾ സന്ദർശിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. ശബ്‌ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡി ജി പി മറുപടി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന പുറത്തെത്തിച്ചത്. സ്വപ്‌നയെ ജയിലിൽ പോയി കണ്ടത് ആരൊക്കെയെന്ന് വ്യക്തമാക്കണം. ജയിലിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ് ഇടതു മുന്നണി അനുഭവിക്കുന്നത്. മണ്ഡല കാലം അവസാനിക്കുന്നതിന് മുമ്പ് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ തീരുമാനമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും നടക്കാൻ പോകുന്നത്. കേരളത്തിൽ പുതിയ രാഷ്ട്രീയ ശക്തി ഉയർന്നു വരും. എൽ ഡി എഫിന്റെ സർവ നാശത്തിന് അഴിമതി കേസുകൾ വഴിവയ്‌ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.