tea

ആരോഗ്യത്തോടെ കഴിയുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്? ഇക്കാര്യംചിന്തിക്കുമ്പോൾ തന്നെ നമുക്ക് തോന്നാറുള‌ള പ്രധാന വഴികൾ ഇതൊക്കെയാണ്. കൊഴുപ്പുള‌ളവ അക‌റ്റി ആരോഗ്യത്തിന് ഗുണപരമായവ ഭക്ഷണം കഴിക്കണം, വ്യായാമം ചെയ്യണം, സന്തോഷത്തോടെ ഇരിക്കണം അങ്ങനങ്ങനെ. ഇതിൽ ശരിയായ ആഹാരം എന്നാൽ പലരും കരുതുന്നത് ജംഗ്ഫുഡും കൊഴുപ്പ് തീരെയില്ലാത്ത ഭക്ഷണവുമാണ്. പക്ഷെ അത് അങ്ങനെയല്ല. കഴിക്കുന്ന ഭക്ഷണത്തിൽ കട്ടിയായ ആഹാരത്തിന് മാത്രമാണ് മിക്കവാറും നാം പ്രാധാന്യം നൽകുന്നത്. എന്നാൽ കുടിയ്‌ക്കുന്നവയിലും ശ്രദ്ധ വേണ്ടതാണ്.

നാം പുലർച്ചെ ഉണർന്നയുടൻ തന്നെ ചായയോ കാപ്പിയോ കുടിക്കാതെയിരിക്കില്ല. അവയിലൂടെ അമിതമായി കൊഴുപ്പ് ശരീരത്തിലെത്തുന്നുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കുമോ? പഞ്ചസാരയും പാലും ചേർക്കാതെ കട്ടൻചായയിൽ നിന്ന് വെറും മൂന്ന് കലോറി ഊർജ്ജം മാത്രമേ നമുക്ക് ലഭിക്കുന്നുള‌ളൂ. എന്നാൽ പാൽ ചേർത്ത് ചായ കുടിക്കുമ്പോൾ കഥ മാറും. പാൽ, പഞ്ചസാര, വെള‌ളം,തേയില, എന്നിവയും ഇഞ്ചി പോലെയുള‌ള സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് നാം ചായ കുടിക്കുമ്പോൾ 37 കലോറിയാണ് അതിൽ നിന്ന് ശരീരത്തിലെത്തുന്ന കൊഴുപ്പ്. എന്നാൽ ഇത് അത്ര വലിയ കണക്കല്ലല്ലോ എന്ന് ചിന്തിക്കാൻ വരട്ടെ. ദിവസവും ഒന്ന് അല്ലെങ്കിൽ രണ്ട് കപ്പ് ചായ കുടിക്കുന്നവർക്കാണ് ഇത് കുഴപ്പമില്ലാത്തത്. മിക്കവരും ചായ കുടിക്കുന്ന ശീലം തന്നെയുള‌ളവരായ നമ്മുടെ രാജ്യത്ത് ആരോഗ്യത്തോടെയിരിക്കാൻ ചായകുടി നിയന്ത്രിക്കണം എന്ന് മനസ്സിലാക്കാൻ ഇതിലും മികച്ച ഉദാഹരണം വേണ്ടല്ലോ!.

പുലർച്ചെ ഉണർന്നയുടൻ ചായ കുടിക്കുന്നതിന് പകരം പ്രഭാത ഭക്ഷണശേഷം മാത്രം ചായ കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ശരിയായ പ്രഭാതഭക്ഷണം ദിവസം മുഴുവൻ വേണ്ട ഊർ‌‌ജം നമുക്ക് നൽകും. പ്രഭാത ഭക്ഷണത്തിന് ശേഷം 20 മിനുട്ട് കഴിഞ്ഞ് ചായ കുടിക്കുന്നതാണ് അത്യുത്തമം. കർപ്പൂര തുളസി,തുളസി എന്നിവയിട്ട ചായ രാത്രി കിടക്കുന്നതിന് തൊട്ടുമുൻപ് കുടിച്ചാൽ മനസ് തണുപ്പിക്കാനും നല്ല ഉറക്കം കിട്ടാനും അത് സഹായകമാകും എന്നും വിദഗ്‌ധാഭിപ്രായമുണ്ട്.