ലണ്ടൻ: കൊവിഡിനെ പിടിച്ചുകെട്ടാനുളള ശ്രമങ്ങൾ വിജയത്തിലേക്ക്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് വാക്സിൻ പരീക്ഷണവും വിജയത്തിലെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. ഈ വാക്സിൻ മുതിർന്നവരിൽ ശക്തമായ രോഗപ്രതിരോധശേഷി ഉണ്ടാക്കുമെന്ന് പരീക്ഷണത്തിൽ വ്യക്തമായെന്നാണ് അധികൃതർ പറയുന്നത്. നേരത്തേ പരീക്ഷണത്തിന്റെ ഭാഗമായി മരുന്ന് കുത്തിവച്ച ഒരാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെ തുടർന്ന് മരുന്ന് പരീക്ഷണങ്ങൾ നിറുത്തിവച്ചിരുന്നു. ഒടുവിൽ ബ്രിട്ടീഷ് ഡ്രഗ്സ് റഗുലേറ്ററി അനുമതി ലഭിച്ചതോടെ പരീക്ഷണം വീണ്ടും തുടങ്ങുകയായിരുന്നു.
അതിനിടെ മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമാണന്ന് കണ്ടെത്തിയതോടെ വാക്സിൻ വിതരണം ഡിസംബറോടെ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ വ്യക്തമാക്കി. ഡിസംബർ പകുതിയോടെ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ അമേരിക്കയിൽ വിതരണം ചെയ്യാനുളള അനുമതിക്കുവേണ്ടിയാണ് കമ്പനി അധികൃതരെ സമീപിച്ചിരിക്കുന്നത്.
പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വാക്സിൻ മുതിർന്നവർക്കം രോഗം ബാധിക്കുന്നത് തടയുമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരീക്ഷണത്തിൽ വ്യക്തമായില്ലെന്നും അടുത്തിടെ കമ്പനി വ്യക്തമാക്കിയിരുന്നു. പരീക്ഷണത്തിൽ വാക്സിനെടുത്ത എട്ടുപേർക്കുമാത്രമാണ് രോഗം ബാധിച്ചത്.