ന്യൂഡൽഹി: സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെയല്ലാതെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽ അഴിമതിക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസുമാരായ എം എം ഖൻവിൽക്കർ, ബി ആർ ഗവായ് എന്നിവടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയതോടെ കേരളം സി ബി ഐക്ക് നൽകിയിരുന്ന കേസന്വേഷണത്തിനുളള പൊതു അനുമതി പിൻവലിച്ചിരുന്നു. കഴിഞ്ഞ മാസമാണ് കേരളം ഈ അനുമതി പിൻവലിച്ചത്. കോൺഗ്രസും ബി ജെ പിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറമേ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങളും പൊതുഅനുമതി പിൻവലിച്ചിരുന്നു.