അഡ്വ. ജയശങ്കർ അടക്കമുള്ള ചിലർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്ന സി പി എം നേതാക്കളുടെ തീരുമാനം സമൂഹ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിക്കഴിഞ്ഞു. കമ്മ്യൂണിസ്‌റ്റ് ആശയങ്ങൾക്ക് വിരുദ്ധമായാണ് ജയശങ്കർ അടക്കമുള്ള ചിലർ പ്രവർത്തിക്കുന്നതെന്നും, ചാനലുകളിൽ വന്നിരുന്നു നേതാക്കളെ നിശിതമായി വിമർശിക്കുന്നത് ഉൾക്കൊള്ളാനാകില്ല എന്ന കാരണമാണ് സി പി എം വിലക്കിന് ന്യായീകരണമായി മുന്നോട്ടുവയ‌്ക്കുന്നത്.
എന്നാൽ മൂന്ന് തവണ സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കർ. ജാതി, മത ഭേദമന്യേ എല്ലാ സംഘടനകളും, രാഷ്‌ട്രീയ പാർട്ടികളും അവരുടെ സമ്മേളനങ്ങൾക്കും മറ്റും തന്നെ ക്ഷണിക്കാറുണ്ടെന്ന് ജയശങ്കർ പറയുന്നു. സ്വന്തം ജാതിസമൂഹമായ എൻ എസ് എസ് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, ഇതിന് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രത്യേക നിർദേശമുണ്ടെന്നും ജയശങ്കർ വെളിപ്പെടുത്തി.