ലണ്ടൻ : ഭാഗ്യം ഏത് വഴി വരുമെന്ന് പ്രവചിക്കാനാകില്ല. ഇന്തോനേഷ്യക്കാരായ ഒരു ശവപ്പെട്ടി നിർമാണ തൊഴിലാളി വെറും സെക്കന്റുകൾ കൊണ്ടാണ് കോടീശ്വരനായത്. 1.4 മില്യൺ പൗണ്ട് ( ഏകദേശം 13 കോടി രൂപയിലേറെ ) വിലമതിക്കുന്ന ഒരു ഉൽക്കാശില അയാളുടെ വീടിന്റെ മേൽക്കൂരയിലേക്ക് തകർന്ന് വീണതോടെയാണ് തലവര മാറിയത്.
ജോഷ്വാ ഹുറ്റാഗലുംഗ് എന്ന 33 കാരനാണ് ആ ഭാഗ്യവാൻ. വടക്കൻ സുമാത്രയിലെ കോലാംഗിലെ തന്റെ വീടിനോട് ചേർന്ന് പുതിയ ശവപ്പെട്ടി നിർമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആകാശത്ത് നിന്നും ഉൽക്കാശില വീടിന്റെ മേൽക്കൂര തകർത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടർന്ന് മണ്ണിലേക്കും പതിച്ചത്. ജോഷ്വായുടെ വീടിന്റെ മേൽക്കൂരയിൽ വലിയ ഒരു ദ്വാരം ഉണ്ടാവുകയും ഉൽക്ക പതിച്ച വീടിന്റെ മുറ്റത്ത് 15 സെ.മി ആഴത്തിൽ ചെന്ന് പതിക്കുകയും ചെയ്തു. 2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം.
ഉൽക്ക പതിച്ചപ്പോൾ വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങുകയും ഉഗ്ര ശബ്ദം കേൾക്കുകയും ചെയ്തു. ആദ്യം വല്ല ഭൂചലനവും ആണെന്ന് കരുതിയ ജോഷ്വാ മേൽക്കൂരയിലെ ദ്വാരം കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉൽക്കാശില കണ്ടത്.
സാധാരണ ഉൽക്കാശിലകൾക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിർണയിക്കുന്നത്. വിലകുറഞ്ഞ പാറകൾ ആണെങ്കിൽ ഗ്രാമിന് 0.50 ഡോളർ മുതൽ 5.00 ഡോളർ വരെ ലഭിക്കും. അതേ സമയം, വളരെ അപൂർവമായ ശിലകളാണെങ്കിൽ ഗ്രാമിന് 1,000 ഡോളർ വരെ ലഭിക്കും. ഏതായാലും മുറ്റത്ത് നിന്നും മണ്ണിൽ പുതഞ്ഞ ഉൽക്കയെ ജോഷ്വാ പുറത്തെടുത്തു. അന്നേരം നല്ല ചൂട് ഉൽക്കാശിലയ്ക്ക് ഉണ്ടായിരുന്നുവെന്നും താൻ തൊട്ടപ്പോൾ അത് ചെറുതായിട്ട് തകർന്നെന്നും ജോഷ്വാ പറഞ്ഞു.
ജോഷ്വായ്ക്ക് ലഭിച്ച ഉൽക്കാശിലയുടെ പഴക്കം 4.5 ബില്യൺ വർഷമാണെന്നാണ് കരുതുന്നത്. CM1/2 കാർബണേഷ്യസ് കോൺഡ്രൈറ്റ് വിഭാഗത്തിൽപ്പെട്ട ഈ ശില അത്യപൂർവവും ഏകദേശം 1.85 മില്യൺ ഡോളർ വിലമതിക്കുന്നതുമാണ്. ഗ്രാമിന് 857 ഡോളർ വീതം ലഭിക്കും.
മൂന്ന് മക്കളുടെ അച്ഛനായ ജോഷ്വയ്ക്ക് തനിക്ക് ലഭിച്ച പണം കൊണ്ട് തങ്ങളുടെ സമുദായത്തിനായി ഒരു ചർച്ച് നിർമിക്കണമെന്ന് ആഗ്രഹമുണ്ട്. യു.എസിൽ നിന്നുള്ള ഉൽക്കാശില വിദഗ്ദ്ധനായ ജറേഡ് കോളിൻസ് ആണ് വൻ തുക മുടക്കി ജോഷ്വയുടെ പക്കൽ നിന്നും ഉൽക്ക വാങ്ങിയത്. യു.എസിലെ ഇന്ത്യാനപൊലീസിലുള്ള ഡോക്ടറും ഗവേഷകനുമായ ജേയ് പീറ്റെകിന് കോളിൻസ് ഇത് കൈമാറിയെന്നാണ് റിപ്പോർട്ട്.
ജോഷ്വായുടെ വീടിന്റെ 3 കിലോമീറ്റർ അകലെയുള്ള വയലിൽ നിന്നും മൂന്ന് ഉൽക്കാശിലകൾ കൂടി കണ്ടെത്തിയിരുന്നു. ഓഗസ്റ്റിൽ 4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കയുടെ 200ഓളം ഭാഗങ്ങൾ ബ്രസീലിലെ ഫിലോമിനയിൽ തകർന്നുവീണിരുന്നു. കൂട്ടത്തിലെ ഭീമനായ 40 കിലോ ഭാരമുള്ള ഉൽക്കാശിലയ്ക്ക് 20,000 പൗണ്ടിലേറെ മൂല്യമുണ്ടായിരുന്നു.