gayathri

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

ചില വാർഡുകളിൽ സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയവർക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്ന കാഴ്‌ചകളും കാണാനായി. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നുണ്ട്. പിന്നാലെ മത്സരത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകുമെങ്കിലും 23 വരെ പത്രിക പിൻവലിക്കാനുള്ള സമയമുള്ളതിനാൽ പൂർണചിത്രം തെളിയാൻ അതുവരെ കാത്തിരിക്കണം.

ഇന്ന് മുതൽ സ്ഥാനാർത്ഥികൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങളാണ്. രാവിലെ മുതൽ പ്രചാരണം കൂടാതെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ കൂടി പങ്കെടുക്കണം. ഓരോ കൺവെൻഷനിൽ മുതിർന്ന നേതാക്കളെ കൊണ്ടുവന്ന് പ്രവർത്തകരെയും വോട്ടർമാരെയും ആവേശം കൊള്ളിക്കാനുള്ള കൊണ്ടുപിടിച്ച ഓട്ടത്തിലാണ് മൂന്ന് മുന്നണികളും. എല്ലാ മുന്നണികളുടെയും പ്രമുഖ നേതാക്കൾ എല്ലാം തന്നെ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതിനൊപ്പം തിരഞ്ഞെടുപ്പ് കൺവീനർമാരുടെ നേതൃത്വത്തിൽ കണക്കുകൾ തയ്യാറാക്കി വരികയാണ്. വോട്ടുവിഹിതം സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നു.

ഭരണം നിലനിറുത്താൻ ഇടതുമുന്നണി കിണഞ്ഞ് പ്രയത്നിക്കുമ്പോൾ കഴിഞ്ഞ തവണത്തെ മുന്നേറ്റം ശക്തമാക്കി അട്ടിമറിയിലൂടെ ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇരുമുന്നണികളെയും പരാജയ പ്പെടുത്തി അധികാരത്തിൽ തിരികെ എത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇതെല്ലാം കൊണ്ടുതന്ന് സംസ്ഥാനം ഉറ്റുനോക്കുന്ന തലസ്ഥാന കോർപ്പറേഷനിലെ വോട്ടെടുപ്പ് അങ്ങേയറ്റം ആവേശമുയർത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികളെ അണിനിരത്തി കൺവെൻഷൻ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് മുന്നണികൾ. മേയർ സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാതെ പരമാവധി വോട്ട് നേടി അധികാരം ഉറപ്പിക്കുകയെന്ന തന്ത്രമാണ് മുന്നണികളുടേത്. എന്നാൽ ബി.ജെ.പിയാകട്ടെ ജില്ലാ പ്രസിഡന്റിനെ പോരാട്ടത്തിനിറക്കി മേയർ സ്ഥാനാർത്ഥിയെന്ന് പറയാതെ പറയുകയും ചെയ്തു. സീറ്റ് നിർണയത്തെ ചൊല്ലിയുള്ള തർക്കം യു.ഡി.എഫിനെ വേട്ടയാടുമ്പോൾ എൽ.ഡി.എഫിലും ബി.ജെ.പിയിലും അസ്വാരസ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ,​ ഇന്നത്തോടെ ഇതിനെല്ലാം അവസാനമാകുമെന്നും എല്ലാം കലങ്ങിത്തെളിയുമെന്നും മുന്നണികൾ കരുതുന്നു.

നൂറംഗ നഗരസഭയിൽ 50 സീറ്റ് പിടിക്കാനാണ് ഭരണകക്ഷിയായ സി.പി.എം ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഇത്തവണ യുവനിരയെ ആണ് അവർ രംഗത്തിറക്കിയിട്ടുള്ളത്. രാഷ്ട്രീയത്തിനതീതമായി വ്യക്തിമുദ്ര പതിപ്പിച്ചവരെയും സ്ഥാനാർത്ഥികളാക്കിയാത് നേട്ടമാകുമെന്നും അവർ കരുതുന്നു. ബി.ജെ.പി ആകട്ടെ കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ പല വാർഡുകളിലും ചെറിയ വോട്ടുകൾക്കാണ് അവർ പരാജയം രുചിച്ചത്. നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരമാവധി വാർഡുകൾ വിജയിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

പ്രാദേശിക തിരഞ്ഞെടുപ്പാണെങ്കിൽ കൂടി ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം സജീവമാക്കിയുള്ള പ്രചാരണങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. ഇതിനൊപ്പം നഗരത്തിന്റെ വികസന മുരടിപ്പും ചർച്ചയാക്കും. നഗരസഭ നൽകിയ വാഗ്ദ്ധാന ലംഘനങ്ങൾ ഉയർത്തിക്കാട്ടിയും വോട്ട് നേടാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു യു.ഡി.എഫ്.