കേപ് ടൗൺ : സൗത്ത് ആഫ്രിക്കയുടെ തീരത്ത് കൊലയാളിത്തിമിംഗലങ്ങൾ ( Killer Whales ), ഗ്രേറ്റ് വൈറ്റ് ഷാർകുകളെ കൂട്ടത്തോടെ കൊന്ന് അവയുടെ കരളുകൾ ഭക്ഷണമാക്കുന്നു.! സൗത്ത് ആഫ്രിക്കൻ ഗവൺമെന്റ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
സമുദ്രത്തിലെ ഇരപിടിയൻമാരിൽ അത്യന്തം ആക്രമണകാരികളായ കൊലയാളിത്തിമിംഗലകളുടെ പേരിൽ ' തിമിംഗലം ' എന്നുണ്ടെങ്കിലും ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ് 'ഓർക്ക' എന്നറിയപ്പെടുന്ന ഇക്കൂട്ടർ. തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ടാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകളെ പിടികൂടി അവയുടെ കരൾ ഇവർ പുറത്തെടുക്കുന്നത്.
കേപ് ടൗണിന് സമീപത്ത് നിന്നും ഗ്രേറ്റ് വൈറ്റ് ഷാർകുകൾ കൂട്ടത്തോടെ അപ്രത്യക്ഷമാകാൻ കാരണം കൊലയാളിത്തിമിംഗലകളുടെ ഈ വിചിത്ര സ്വഭാവമായിരിക്കുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. കേപ് ടൗണിനടത്തുള്ള ഫാൾസ് ബേ തീരത്ത് 2017 മുതൽ കുറഞ്ഞത് ഏഴ് ഗ്രേറ്റ് വൈറ്റ് ഷാർകുകളുടെയെങ്കിലും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
2017 മുതൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത വേട്ട മുതൽ കാലാവസ്ഥ വ്യതിയാനം വരെ ഇവ അപ്രത്യക്ഷമാകാനുള്ള കാരണമായി ഗവേഷകർ നിരത്തിയെങ്കിലും കൊലയാളിത്തിമിംഗലങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. കൊലയാളിത്തിമിംഗലങ്ങളുടെ എണ്ണം തീരത്ത് വർദ്ധിച്ചു വരുന്നുമുണ്ട്.
സൗത്ത് ആഫ്രിക്കൻ തീരങ്ങളിലെത്തുന്ന ടൂറിസ്റ്റുകളുടെയും ഗവേഷകരുടെയും മുഖ്യ ആകർഷണമാണ് ഗ്രേറ്റ് വൈറ്റ് ഷാർകുകൾ. 2010 മുതൽ 2016 വരെ ഫാൾസ് ബേ തീരത്ത് പ്രതിവർഷം 200 തവണയിലേറെ ഗ്രേറ്റ് വൈറ്റ് ഷാർകുകളെ കാണാൻ കഴിയുമായിരുന്നു. 2018ൽ ഇത് 50 ആയി കുറഞ്ഞു. 2019ൽ തീരത്ത് ഇവയെ കണ്ടതേയില്ല. നീണ്ട 20 മാസത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ഫാൾസ് ബേയിൽ ഒരു ഗ്രേറ്റ് വൈറ്റ് ഷാർകിനെ കണ്ടിരുന്നു.
2015ലാണ് രണ്ട് കൊലയാളിത്തിമിംഗലങ്ങളുടെ സാന്നിദ്ധ്യം ഫാൾസ് ബേയിൽ ആദ്യമായി കണ്ടത്. 2 വർഷത്തിന് ശേഷം സമീപത്തെ ബീച്ചിൽ അഞ്ച് ഗ്രേറ്റ് വൈറ്റ് ഷാർകുകൾ ചത്തടിഞ്ഞിരുന്നു. അവയുടെ കരൾ പുറത്തെടുത്ത നിലയിലായിരുന്നു. ശരീരത്തിൽ കണ്ടെത്തിയ കൂർത്ത പല്ലിന്റെ അടയാളങ്ങൾ കൊലയാളിത്തിമിംഗലങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമാന രീതിയിലുള്ള സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്തു.
സ്രാവുകളുടെ കരളിൽ കാണപ്പെടുന്ന സ്ക്വലീൻ എന്ന ജൈവ രാസ സംയുക്തത്തിന്റെ രുചിയാകാം കൊലയാളിത്തിമിംഗലങ്ങളെ ഗ്രേറ്റ് വൈറ്റ് ഷാർകുകളിലേക്ക് ആകർഷിക്കുന്നതെന്ന് കരുതുന്നതായി ഗവേഷകർ പറയുന്നു. 180 ഓളം വിഭാഗത്തിൽപ്പെട്ട സ്രാവുകളെ സൗത്ത് ആഫ്രിക്കൻ തീരങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇതിൽ പത്തിലേറെ സ്പീഷിസുകൾ വംശനാശത്തിന്റെ വക്കിലാണ്. ദ കാർപെന്റർ ഷാർക് എന്നയിനത്തെ 1999 മുതൽ സൗത്ത് ആഫ്രിക്കൻ തീരത്ത് കണ്ടിട്ടില്ല. കൊലയാളിത്തിമിംഗലങ്ങളുടെ കടന്നുകയറ്റം ഗ്രേറ്റ് വൈറ്റ് ഷാർകുകളെയും പാടേ അപ്രത്യക്ഷമാക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.