കൊവിഡ് വ്യാപനം മീനിലൂടെയില്ലെന്ന് തെളിയിക്കാൻ
കൊളംബോ: കൊവിഡ് മഹാമാരി ഏറിയും കുറഞ്ഞും പടരുമ്പോൾ ലോകം അതിജീവനത്തിന്റെ പാതയിലാണ്. എന്നാൽ, സാമ്പത്തിക മാന്ദ്യം എല്ലാ മേഖലകത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് കാരണം കഷ്ടത്തിലായ മീൻ വിപണിക്ക് ഉണർവേകാൻ ശ്രീലങ്കൻ മുൻ മന്ത്രി നടത്തിയ പ്രവൃത്തിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വാർത്താ സമ്മേളനം വിളിച്ചു ചേർത്ത ശ്രീലങ്കൻ മുൻ ഫിഷറീസ് മന്ത്രി ദിലീപ് വെഡാറച്ചി മത്സ്യം വാങ്ങിയാൽ കൊവിഡ് ബാധിക്കില്ലെന്ന് പച്ച മീൻ കഴിച്ചാണ് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയത്. കഴിഞ്ഞ മാസം കൊളംബോയിലെ മത്സ്യമാർക്കറ്റിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരുന്നു. രൂക്ഷമായ വ്യാപനത്തെ തുടർന്ന് മാർക്കറ്റ് ദീർഘകാലത്തേക്ക് അടച്ചിടുകയും ചെയ്തു. ഇതോടെ ശ്രീലങ്കയിലെ മത്സ്യ വിപണനം വൻ തോതിൽ ഇടിഞ്ഞു. ഇത് മത്സ്യമേഖലാ തൊഴിലാളികളെ ഗുരുതരമായി ബാധിച്ചു. ലോക്ക്ഡൗൺ മാറിയിട്ടും മാർക്കറ്റിൽ വന്ന് മത്സ്യം വാങ്ങാൻ ആളുകൾ തയാറായില്ല. മത്സ്യവില വൻ തോതിൽ കുറച്ചതും ഉപഭോക്താക്കളെ ആകർഷിച്ചില്ല. മത്സ്യ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർ പട്ടിണിയിലായി. ഇതോടെയാണ് ഇത്തരമൊരു സാഹസിക കൃത്യത്തിന് മുൻ മന്ത്രി തയാറായത്. 'ഈ രാജ്യത്തെ ജനങ്ങളോട് മത്സ്യം കഴിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. മീനിലൂടെ വൈറസ് ബാധയുണ്ടാകില്ല. അത് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ മീൻ പച്ചയ്ക്ക് കഴിക്കുന്നതെ"ന്നാണ് വെഡറാച്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 2019 വരെയാണ് വെഡറാച്ചി ഫിഷറീസ് മന്ത്രിയായിരുന്നത്. 18,000 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.