പിന്നിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി
ലണ്ടൻ: ഇംഗ്ളണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയെ മീറ്റ് ഫ്രീ ക്യാപംസാക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘം. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലുള്ള വോർസെസ്റ്റർ കോളേജിലുള്ള വിദ്യാർത്ഥി സംഘമാണ് ബീഫ്, മട്ടൺ നിരോധനത്തിന് അനുകൂല പ്രമേയവുമായി എത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ ഇന്ത്യൻ വംശജനായ വിഹാൻ ജെയിൻ എന്ന വിദ്യാർത്ഥിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സർവകലാശാലയിലെ ഹരിതഗൃഹ ഉദ്യമനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നറിയുന്നു. വിഹാൻ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥി യൂണിയനോട് ക്യാംപസിലെ കാന്റീനിൽ ബീഫ്, മട്ടൺ എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നൽകിയത്. ഈ പ്രമേയം വിദ്യാർത്ഥി യൂണിയനിൽ വൻ വോട്ടോടെ പാസായി. ഇതോടെ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബീഫിന്റെയും മട്ടന്റെയും ഉപയോഗം കുറയുകയും കാലക്രമത്തിൽ പൂർണമായി നിരോധനം ഉണ്ടാവുകയും ചെയ്യും. ഈ നിരോധനം പ്രാദേശിക സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന എതിർപ്പ് അംഗീകരിക്കപ്പെട്ടില്ല. മാത്രമല്ല 2030ൽ കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാക്കാൻ ആഗ്രഹിക്കുന്ന നേട്ടം ഈ നിരോധനത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും ബന്ധപ്പെട്ടവർ വിശദമാക്കുന്നു. ഈ നിരോധനത്തിലൂടെ 1.5 ഡിഗ്രി സെൽഷ്യസ് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താപം കുറയ്ക്കാൻ കഴിയുമെന്നും പ്രമേയ അനുകൂലികൾ അവകാശപ്പെടുന്നു. നിലവിൽ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് വാങ്ങുന്ന മാംസത്തിന്റെ അളവിൽ 28 ശതമാനം കുറവു വരുത്താനും നീക്കമായിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഒഫ് ലണ്ടൻ എന്നിവിടങ്ങളിൽ നേരത്തേ തന്നെ ബീഫ്, മട്ടൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.