ജക്കാർത്ത: ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിയുന്നവരെക്കുറിച്ച് കുട്ടിക്കഥകളിൽ ധാരാളം കേട്ടിട്ടുണ്ട്. അത്തരമൊരു കഥ യഥാർത്ഥത്തിൽ നടന്നിരിക്കുകയാണ് അങ്ങ് ജക്കാർത്തയിൽ. ഒരു രാത്രി മേൽക്കൂര പൊട്ടി ഒരു കഷണം ഉൽക്ക വന്ന് വീട്ടിനുള്ളിലേക്ക് വീണു. അത് നോർത്ത് സുമാത്രയിലെ ശവപ്പെട്ടി നിർമ്മാതാവായ ജോഷ്വാ ഹുത്തഗാലംഗിനെ കോടീശ്വരനാക്കി. കഴിഞ്ഞ മാസമാണ് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ രണ്ട് കിലോ ഭാരമുള്ള ഉൽക്കാശില വന്നു വീണത്. 4.5 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണ് ജോഷ്വായ്ക്ക് കിട്ടിയത്. അവയുടെ ചിത്രങ്ങൾ ജോഷ്വ തന്നെയാണ് പുറത്തുവിട്ടത്. അന്ന് നിരവധി പേർ ഉൽക്ക വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 1.8 മില്യൺ ഡോളറിനാണ് (13കോടി 35 ലക്ഷം രൂപ) ഉൽക്കാശില വിറ്റഴിച്ചതെന്ന വിവരം ജോഷ്വ തന്നെയാണ് പുറത്തുവിട്ടത്. എന്നാൽ, ഇത് കൃത്യമായ തുകയല്ലെന്നാണ് ബന്ധപ്പെട്ടവർ പുറത്തുവിടുന്ന വിവരം. ഇത്തരം അപൂർവ വസ്തുക്കൾ ശേഖരിക്കുന്ന അമേരിക്കയിലെ ജാർഡ് കോളിൻസ് എന്ന വ്യക്തിക്കാണ് ജോഷ്വ ഉൽക്കശില വിറ്റത്. കോളിൻസ് മറ്റൊരാൾക്ക് മറിച്ചുവിറ്റ ഉൽക്ക അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഉൽക്ക പഠന കേന്ദ്രത്തിലാണ് ഉള്ളത്. വൻ തുക കൈയിൽ വന്നതോടെ ജോലിയിൽ നിന്ന് വിരമിച്ച് ഗ്രാമത്തിൽ പള്ളി പണിയാൻ ഒരുങ്ങുകയാണ് ജോഷ്വ. എന്നാൽ, ലഭിച്ച കാശ് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്നാണ് പലരും ജോഷ്വയ്ക്ക് നൽകുന്ന ഉപദേശം.