ബാഗ്ദാദ്: യസീദി വിഭാഗത്തിന്റെ പുതിയ മത പുരോഹിതനായി അലി അല്യാസിനെ പ്രഖ്യാപിച്ചു. ഇറാഖിലെ ന്യൂന പക്ഷ വിഭാഗമാണ് യസീദി. ഇവരുടെ ബാബ ഷേക്ക് ആയാണ് അലി അല്യാസ് നിയമിതനായിരിക്കുന്നത്. മുൻ ബാബ ഷേക്ക് ഖുർട്ടോ ഹജ്ജ് ഇസ്മയിൽ കഴിഞ്ഞ മാസം മരണമടഞ്ഞതിനെ തുടർന്നാണ് പുതിയ ബാബയെ തിരഞ്ഞെടുത്തത്. കർശനമായ ജാതി വ്യവസ്ഥ പുലർത്തുന്ന യസീദികൾ വടക്കൻ പ്രദേശമായ സിൻജർ പ്രവിശ്യയിലാണ് കഴിയുന്നത്. എന്നാൽ, പുതിയ തിരഞ്ഞെടുപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിഭാഗത്തിലെ ന്യൂനപക്ഷ ഗോത്രങ്ങളോടും മറ്റ് പ്രമുഖ വ്യക്തികളോടും ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് പ്രധാന വിമർശനം. മരിച്ച ബാബയുടെ മകനെ ഈ സ്ഥാനത്ത് അവരോധിക്കാനും ചിലർ ആഗ്രഹിച്ചിരുന്നതായ വെളിപ്പെടുത്തലുകളും വരുന്നുണ്ട്.