വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിനെതിരെയുള്ള തന്റെ ആരോപണം നിഷേധിച്ച ഉദ്യോഗസ്ഥനെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആരോപണം നിഷേധിച്ചതിനാണ് തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ് ക്രെബ്സിനെ പുറത്താക്കിയത്. ട്രംപ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നവംബർ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജൻസിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 'ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി" എന്ന് ക്രിസും തന്റെ ട്വിറ്ററിൽ കുറിച്ചു. 2.7 മില്യൺ അമേരിക്കൻ ജനത തനിക്ക് ചെയ്ത വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും അതിൽ ഭൂരിഭാഗം വോട്ടുകളും ബൈഡനായി മറിച്ചുവെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. ഇതിനെതിരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
അതേസമയം ബൈഡന്റെ വിജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.