ധർമദേവന്റെ പുത്രന്മാരായിരുന്നു നര - നാരായണമഹർഷിമാർ. (ഇവരുടെ പുനർജന്മങ്ങളായിരുന്നു ദ്വാപരയുഗത്തിലെ അർജുനനും ശ്രീകൃഷ്ണനും) ഉഗ്രതപസ്വികളായിരുന്ന ഇവർ ഒരിക്കൽ ബ്രഹ്മത്തെ ധ്യാനിച്ച് കഠിനമായ തപസിൽ മുഴുകി. തന്റെ ഇന്ദ്രപദം കൈയടക്കാനായിരിക്കുമോ ഇവരുടെ തപസെന്നു സംശയിച്ച ഭീരുവായ ദേവേന്ദ്രൻ ദേവലോകത്തുള്ള അപസ്രസുകളുടെ ഒരു പടയെ തന്നെ മഹർഷിമാരുടെ തപസ് മുടക്കുന്നതിനായി നിയോഗിച്ചു. ഉർവശിയും തിലോത്തമയും അന്ന് ജനിച്ചിട്ടില്ല. കാമദേവന്റെയും രതീദേവിയുടെയും നേതൃത്വത്തിൽ ദേവലോകത്തുനിന്നും എത്തിയ അപ്സരസുകൾ മഹർഷിമാരുടെ ചുറ്റും വളഞ്ഞുനിന്ന് മനം കുളിർപ്പിക്കുന്ന പാട്ടും നൃത്തവും വശീകരണ മുദ്രകളും തുടങ്ങി.
മഹർഷിമാർ നടത്തുന്ന തപസുകളും രാജാക്കന്മാർ നടത്തുന്ന യാഗങ്ങളും മുടക്കുക എന്നത് ദേവേന്ദ്രന്റെ ഒരു സ്ഥിരം ഏർപ്പാടാണ്. ഇതിനായി എന്തു ഹീനമാർഗവും സ്വീകരിക്കുന്നതിന് ദേവേന്ദ്രന് ഒരു മടിയും ഇല്ലായിരുന്നു. അപ്സരസുകളുടെ കൂട്ടത്തോടെയുള്ള പാട്ടും ബഹളവും കേട്ട് നരമഹർഷി തപസിൽ നിന്നുണർന്നു. ദേവേന്ദ്രന്റെ കോപ്രായമാണിതെന്നു മനസിലാക്കിയ മഹർഷി ദേവേന്ദ്രൻ ഇത്രയ്ക്ക് ബുദ്ധിശൂന്യൻ ആയിപ്പോയല്ലോ എന്നോർത്ത് പരിതപിച്ചു. ദേവലോകത്തു നിന്നും വന്ന അപ്സരസുകളാണെങ്കിൽ ഭൂമിയിലും സ്വർഗത്തിലും അവരെ വെല്ലാൻ സൗന്ദര്യത്തിലും ഗാന- നൃത്താദികളിലും ആരുമില്ലെന്ന അഹങ്കാരത്തിലുമാണ് നടക്കുന്നത്. ഇരുകൂട്ടരുടെയും അഹങ്കാരം ഒന്നു ശമിപ്പിക്കാൻ മഹർഷി തീരുമാനിച്ചു. അപ്സരസുകളുടെ നൃത്തതാളത്തിനൊപ്പം മഹർഷി തന്റെ തുടയിൽ താളം പിടിക്കാനാരംഭിച്ചു. മഹർഷിയുടെ ആദ്യതാളത്തിൽ രൂപവതിയായ ഒരു തരുണി മഹർഷിയുടെ തുടയിൽ (ഊരിൽ) നിന്നും ഉത്ഭവിച്ചു. തുടയിൽ നിന്നും വന്നവൾ ആയതിനാൽ മഹർഷി അവൾക്ക് ഉർവശി എന്നു പേരു നൽകി. തുടർന്നുള്ള ഓരോ താളത്തിലും അപ്സരസുകൾക്ക് തുല്യരായ പെൺകൊടികൾ വെളിയിൽ വരാൻ തുടങ്ങി. പുതിയ അപ്സരസുകളെ കണ്ടു പഴയ അപ്സരസുകൾ ആകെ അമ്പരന്നു. വിവരം ഉടനെ ദേവേന്ദ്രനെഅറിയിച്ചു. ഭയവിഹ്വലനായ ദേവേന്ദ്രൻ ഉടൻ തന്നെ മഹർഷിയുടെ മുമ്പാകെയെത്തി മാപ്പു ചോദിച്ചു: '' ദേവേന്ദ്രാ ഞങ്ങളുടെ തപസ് നിന്റെ ദേവേന്ദ്രപട്ടം മോഹിച്ചൊന്നുമല്ല. അത്തരം തരംതാണ മോഹങ്ങളൊന്നും ഞങ്ങൾക്കില്ല. അഥവാ അങ്ങനെ തോന്നിയാൽതന്നെ പുതിയ സ്വർഗവും വേറെ ദേവേന്ദ്രനെയും സൃഷ്ടിക്കാൻ ഞങ്ങൾക്കറിയാം. നിന്റെ ബുദ്ധിശൂന്യതയോർത്ത് ഞങ്ങൾ പരിതപിക്കുന്നു. നിന്റെ അപ്സരസുകൾക്കൊപ്പം ഞാൻ സൃഷ്ടിച്ച ഉർവശിയേയും തോഴിമാരെയും കൂടി ഞങ്ങൾ നിനക്ക് നൽകുന്നു. കൊണ്ടുപോയിക്കൊള്ളുക." ലജ്ജിതനായ ദേവേന്ദ്രൻ സ്ത്രീകളെയും കൂട്ടി ദേവലോകത്തേക്ക് തിരിച്ചു.
ദേവലോകത്ത് തിരികെയെത്തിയ അപ്സരസുകൾ ഉർവശിയുടെ സൗന്ദര്യവും ശരീരവടിവും പാട്ടിലും നൃത്തത്തിലും അവൾക്കുള്ള സാമർത്ഥ്യവും കണ്ട് അമ്പരന്നുപോയി. ഇതുമനസിലാക്കിയ ഇന്ദ്രൻ ഇനി മുതൽ അപ്സരസുകളിൽ മുഖ്യസ്ഥാനം ഉർവശിക്കായിരിക്കും എന്നു പ്രഖ്യാപിച്ചു. കൂടാതെ ദേവേന്ദ്രന്റെ ആവശ്യങ്ങൾക്കെല്ലാം പ്രഥമസ്ഥാനം ഉർവശിക്കായി. കൃതായുഗത്തിന്റെ ആരംഭത്തിലുണ്ടായ ഈ സംഭവത്തിലൂടെ ജനിച്ച ഉർവശി ത്രേതായുഗവും കഴിഞ്ഞ് ദ്വാപരയുഗത്തിന്റെ അവസാനം അർജ്ജുനനെ വശീകരിക്കാൻ ശ്രമിക്കുന്നതു വരെ നാം പുരാണങ്ങളിൽ കാണുന്നു. അതായത് ഏകദേശം മുപ്പത്തിയൊൻപത് ലക്ഷം വർഷങ്ങളോളം. ഭാരതദേശം ഭരിച്ച ചന്ദ്രവംശ രാജാക്കന്മാരെല്ലാം ഉർവശിയിലൂടെ ജനിച്ച സന്തതിപരമ്പരകളായിരുന്നു എന്നത് വിചിത്രമാകാം.