കാൻബെറ: വസ്ത്രവൈവിധ്യത്തിനായി പുതുവഴികൾ തേടുകയാണ് ഫാഷൻ ഡിസൈനിംഗ് ലോകം. ഓരോ വസ്ത്രങ്ങളും മറ്റുള്ളവയിൽ നിന്ന് പുതുമയുള്ളതാക്കി മാറ്റാനായി നിരവധി പരീക്ഷണങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. എന്നാൽ ഇതാ ഇവിടെയൊരു 17 വയസുകാരി തന്റെ ഒറ്റ വസ്ത്രം കൊണ്ട് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ആസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സ്വദേശിയായ ജസീക്ക കോളിൻസാണ് പുത്തൻ ബോൾഗൗണുകൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. കാഴ്ചയിൽ സാധാരണ ഗൗണായി തോന്നുമെങ്കിലും അതിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുവാണ് അസാധാരണം. തുണിക്കു പകരം മാങ്ങാണ്ടിയാണ് ജെസീക്ക തുന്നി ചേർത്തിരിക്കുന്നത്.
ഒന്നും രണ്ടുമല്ല 700 മാങ്ങയാണ് ആ വസ്ത്രത്തിലുള്ളത്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത് വിളയുന്ന കലിപ്സോ മാങ്ങയാണ് വസ്ത്ര നിർമ്മാണത്തിനായി ജസീക്ക ഉപയോഗിച്ചിരിക്കുന്നത്. കാൽപാദം വരെ നീണ്ടുകിടക്കുന്ന ഐവറി നിറത്തിലുള്ള ഗൗണിൽ മാങ്ങാണ്ടികളുടെ പുറന്തോടുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഗൗൺ അണിഞ്ഞ പ്ളസ് ടു വിദ്യാർത്ഥിനിയായ ജസീക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ജസീക്ക തന്റെ ഡിസൈൻ ആൻഡ് ടെക്നോളജി പ്രോജക്റ്റിന്റെ ഭാഗമായാണ് വസ്ത്രത്തിന് രൂപം നൽകിയത്. എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചനയ്ക്കൊടുവിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേർന്നത്. മാതാപിതാക്കളുടെ കലിപ്സോ മാംഗോ ഫാമിലെ മാങ്ങകൾ തന്നെയാണ് ജസീക്ക തന്റെ മോഡലിംഗിനായി എടുത്തത്. ഒരു ഫാഷൻ പരീക്ഷണത്തിന് ഇവ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
വില്പനയ്ക്ക് എടുക്കാത്ത അധികം പഴുത്ത മാങ്ങകളിലെ മാങ്ങാണ്ടികൾ ശേഖരിച്ചു. തോടുകൾ ഉണക്കിയെടുത്തു വ്യത്യസ്ത നിറങ്ങൾ നൽകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ അവ ഉണങ്ങി എടുത്തപ്പോൾ സ്വാഭാവിക നിറം നിലനിർത്തുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നികലിപ്സോ ഇനത്തിൽപ്പെട്ട മാങ്ങയിലെ മാങ്ങാണ്ടികൾ താരതമ്യേന വലിപ്പം കുറഞ്ഞ് പരന്ന ആകൃതിയിൽ ഉള്ളവയാണ്. അത് ഗൗണിന് പ്രത്യേക ഭംഗിയും നൽകി. സാധാരണ ഇത്തരം തോടുകളിൽ നിന്നും മൃഗങ്ങൾക്കുള്ള തീറ്റ ഉണ്ടാക്കാറുണ്ട്. അതിനായി മാറ്റിവച്ച മാങ്ങകളാണ് ജസീക്ക തന്റെ ബോൾഗൗണിൽ തുന്നിച്ചേർത്തത്.