ivanka

ന്യൂയോർക്ക്​: അവൾ എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ ഇന്ന് സെലിബ്രിട്ടി മാത്രമാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെ കുറിച്ച് മുൻ സുഹൃത്ത് എഴുതിയ വരികളാണ് ഇപ്പോൾ തരംഗമാകുന്നത്. ഇവാൻകയുടെ സഹപാഠിയും ബാല്യകാല സുഹൃത്തുമായ ലിസാൻഡ്ര ഓസ്ട്രോമാണ് വാനിറ്റിഫെയർ മാസികയിൽ ഇവാൻകയെ കുറിച്ച് ലേഖനമെഴുതിയത്. ട്രംപിനെപ്പോലെ ഇവാൻകയ്ക്കും പാവപ്പെട്ടവരോട് പുച്ഛമാണ്. പണത്തിനോടും പ്രശസ്​തിയോടും വലിയ ഭ്രമമാണെന്നും ലിസാൻഡ്ര പറയുന്നു.

'മാൻഹട്ടണിലെ അപ്പർ ഈസ്​റ്റ്​ സൈഡിലുള്ള ഗേൾസ് സ്കൂളിൽ വച്ചായിരുന്നു ഞങ്ങൾ ഇരുവരും ആദ്യമായി കണ്ടത്. അന്ന് ഞങ്ങൾ സെവൻത് ഗ്രേഡ് വിദ്യാർത്ഥിനികളായിരുന്നു. ആ കണ്ടുമുട്ടൽ പത്തുവർഷം നീണ്ട സൗഹൃദമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. എന്നാൽ, പിന്നീടുണ്ടായ കാഴ്ചപ്പാടുകളും അഭിപ്രായ വ്യത്യാസങ്ങളും ഞങ്ങളെ രണ്ട് ധ്രുവങ്ങളിലെത്തിച്ചു.

സ്കൂൾ കാലം മുതൽ പദവികളോട്​ വലിയ താത്പര്യമായിരുന്നു ഇവാൻകയ്ക്ക്​. അവളുടെ അതിക്രമങ്ങൾക്ക് ശിക്ഷ ലഭിച്ചത് മറ്റു സഹപാഠികൾക്കായിരുന്നു. അതിനു കാരണം അവളുടെ അച്ഛന്റെ പണം തന്നെയായിരുന്നു. സ്വയം രക്ഷിക്കാൻ മറ്റുള്ളവരെ ബലിയാടാക്കുന്ന പിതാവിന്റെ മകൾ ആയിരുന്നു ഇവാൻകയെന്ന് 39കാരിയായ ലിസാൻഡ്ര കുറിക്കുന്നു.

റിച്ചാർഡ്​ റൂസോയ്ക്ക്​ പുലിറ്റ്​സർ പുരസ്​കാരം നേടിക്കൊടുത്ത 'എംപയർ ഫാൾസ്​' എന്ന പുസ്തകം ഇവാൻകയ്ക്ക് വായിക്കാനായി നൽകി. മെയ്​നെയിലെ തൊഴിലാളി വർഗക്കാരുടെ കഥ പറയുന്ന പുസ്തകം അവൾക്ക് ഇഷ്ടമാകുമെന്ന് കരുതി സമ്മാനിച്ചതാണ്. എന്നാൽ, അതിനു വിപരീതമായിരുന്നു ഇവാൻകയുടെ പ്രതികരണം. 'ലീ, എന്തിനാണ്​ നീ ആ ​വൃത്തികെട്ട പാവ​പ്പെട്ടവരുടെ കഥ പറയുന്ന പുസ്​തകം വായിക്കാൻ എന്നോട്​ പറഞ്ഞത്​?' എന്നായിരുന്നു അവളുടെ രോഷം. 'ആ പുസ്​തകത്തിൽ എനിക്ക്​ താൽപര്യമുണ്ടാകുമെന്ന്​ എങ്ങനെയാണ്​ നീ ചിന്തിച്ചത്​? എന്ന ചോദ്യവും അവളുന്നയിച്ചു. അന്ന് ഞാൻ അവളുടെ ഉള്ളിലെ യഥാർത്ഥ ഇവാൻകയെ കണ്ടു. ലെബനൻ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകയാണ് ലിസാൻഡ്ര ഇപ്പോൾ. അറബിയിൽ എഴുതിയ ലോക്കറ്റുള്ള നെക്ലസ് കണ്ട് ​ ഇവാൻക ഏറെ രോഷാകുലയായ സംഭവവും മുൻ സുഹൃത്ത് ഈ കുറിപ്പിൽ വിവരിക്കുന്നുണ്ട്. ഈ നെക്​ലസ് 'ഭീകരൻ' എന്ന്​ അലറിവിളിക്കുന്നതുപോലെ തോന്നുന്നുവെന്നായിരുന്നു ഇവാൻക പ്രതികരിച്ചത്.