lvb

കൊച്ചി: മൂലധന, ഭരണ പ്രതിസന്ധിയിലകപ്പെട്ട്, റിസർവ് ബാങ്കിന്റെ മോറട്ടോറിയം നടപടിക്ക് വിധേയമായ ലക്ഷ്‌മി വിലാസ് ബാങ്കിനെ വിദേശ ബാങ്കിൽ ലയിപ്പിക്കുന്നതിനെ എതിർത്ത് നിക്ഷേപകർ. ലയന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ റിസർവ് ബാങ്കിനെ സമീപിക്കും.

കഴിഞ്ഞ 17നാണ് റിസർവ് ബാങ്കിന്റെ ശുപാർശ പ്രകാരം കേന്ദ്ര ധനമന്ത്രാലയം ചെന്നൈ ആസ്ഥാനമായുള്ള ലക്ഷ്‌മി വിലാസ് ബാങ്കിനുമേൽ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 16 വരെയാണ് മോറട്ടോറിയം. ഇക്കാലയളവിൽ ഇടപാടുകാർക്ക് പരമാവധി 25,000 രൂപയേ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാനാകൂ.

ബാങ്കിനെ സിംഗപ്പൂർ ആസ്ഥാനമായുള്ള ഡി.ബി.എസ് സിംഗപ്പൂരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഡി.ബി.എസ് ബാങ്ക് ഇന്ത്യയിൽ ലയിപ്പിക്കുമെന്നും ഇതിനുള്ള കരട് പദ്ധതി തയ്യാറായെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കും കേന്ദ്രവും പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ബാങ്കിന്റെ നിക്ഷേപകരും ലയനത്തെ കുറിച്ച് അറിഞ്ഞത്; സൂചനകളൊന്നും നൽകിയിരുന്നില്ല.

മൂന്നുവർഷമായി തുടർ‌ച്ചയായി നഷ്‌ടം മാത്രം കുറിച്ചതും കിട്ടാക്കടനിരക്ക് 25 ശതമാനത്തോളം ഉയർന്നതും ഭരണതലത്തിലെ പ്രതിസന്ധിയുമാണ് മോറട്ടോറിയം ഏർപ്പെടുത്താൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കിയത്. പ്രതിസന്ധി പരിഹരിക്കാൻ ബാങ്കിന് സാവകാശം നൽകിയെങ്കിലും രക്ഷാമാർഗം കണ്ടെത്താൻ ബാങ്കിന് കഴിഞ്ഞില്ലെന്നതും നടപടിക്ക് കാരണമായി.

എതിർപ്പിന് പിന്നിൽ

 94 വർഷമായി പ്രവർത്തിക്കുന്ന ലക്ഷ്‌മി വിലാസ് ബാങ്കിനെ ലയിപ്പിച്ച് വിസ്‌മൃതിയിലാക്കരുതെന്നും മൂലധനം ലഭ്യമാക്കാൻ കഴിവുള്ള നിക്ഷേപകരെ കണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് ഓഹരി ഉടമകളുടെ ആവശ്യം.

 ഡി.ബി.എസ് ബാങ്കുമായി ലയിക്കുമ്പോൾ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് ലാഭമോ നേട്ടമോ ഇല്ല. കാരണം, ഓഹരിവില പൂജ്യമായി കണക്കാക്കിയാണ് ലയനം.

 പ്രതിസന്ധിക്കാലത്തും ബാങ്കിനൊപ്പം നിന്ന നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാതെ ലയനം നടത്തരുതെന്നും ആവശ്യം.

 ലയിപ്പിക്കുന്നെങ്കിൽ അത് പൊതുമേഖലാ ബാങ്കുമായി മതിയെന്ന ആവശ്യവും ഓഹരി ഉടമകൾക്കുണ്ട്.

ലയനനേട്ടം

ലയനത്തിന്റെ ഭാഗമായി ലക്ഷ്‌മി വിലാസ് ബാങ്കിൽ 2,500 കോടി രൂപ ഡി.ബി.എസ് ബാങ്ക് നിക്ഷേപിക്കും. ഇതോടെ, ലയിച്ചുണ്ടാകുന്ന പുതിയ ബാങ്കിന്റെ മൂലധന പര്യാപ്‌തതാ അനുപാതം 12.51 ശതമാനമാകും. അതായത്, മൂലധന പ്രതിസന്ധിയിൽ നിന്ന് ബാങ്ക് കരകയറും.

റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്ന കുറഞ്ഞ അനുപാതം ഒമ്പത് ശതമാനമാണ്. സെപ്‌തംബർ‌പാദത്തിൽ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ അനുപാതം നെഗറ്റീവ് 2.85 ശതമാനമായിരുന്നു.

₹9.95

ഇന്നലെ ഓഹരി വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരികൾ 20 ശതമാനം നഷ്‌ടം നേരിട്ടു. വ്യാപാരാന്ത്യം ഓഹരിവില 9.95 രൂപയാണ്.