kids-covid

ന്യൂഡൽഹി: കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിൽ കുട്ടികളിൽ അവ ബാധിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് അവർക്കും രോഗം വരാം എന്ന് കണ്ടെത്തിയതോടെ മുതിർന്നവരിൽ രോഗമെത്തിക്കുന്ന സൂപ്പർ സ്‌പ്രെഡേഴ്‌സ് ആണ് അവർ എന്ന് ഒരുവിഭാഗം ഗവേഷകർ അനുമാനിച്ചു. എന്നാൽ ഇതൊന്നുമല്ലാത്ത സ്ഥിതിവിശേഷം ഇപ്പോൾ കുട്ടികളിൽ കൊവിഡ് മൂലം കണ്ടെത്തിയിരിക്കുകയാണ്. രോഗത്തിന്റെ സങ്കീർണത എത്രത്തോളമെന്ന് മനസ്സിലാക്കി തരുന്നതിന് ഉദാഹരണമാണിത്.

ഓസ്‌ട്രേലിയയിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് കൊവിഡ് ഫലം നെഗ‌റ്റീവായിരുന്നു. എന്നാൽ പരിശോധനയിൽ അവരുടെ ശരീരത്തിൽ ശക്തമായ ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. കൂട്ടത്തിൽ ഏ‌റ്റവും ഇളയ കുട്ടിക്കായിരുന്നു അവയിൽ ഏ‌റ്റവും ശക്തമായത്. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലെ ഗവേഷണസ്ഥാപനമായ മർഡോക് ഇൻ‌സ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഒരു വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് ലക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാൽ കുട്ടികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പക്ഷെ ഇവരെയും പരിശോധിച്ചപ്പോൾ കൊവിഡ് നെ‌ഗ‌റ്റീവായെങ്കിലും ആന്റിബോ‌ഡി കണ്ടെത്തുകയായിരുന്നു.

രോഗം ബാധിച്ച് ശരീരം അതിനോട് പ്രതിരോധിച്ചാൽ മാത്രമേ ആന്റിബോഡികൾ ശരീരത്തിലുണ്ടാകുകയുള‌ളൂ. എന്നാൽ ടെസ്‌റ്റിൽ നെഗ‌റ്റീവെന്ന് കണ്ടെത്തിയിട്ടും ആന്റിബോഡി കണ്ടെത്തിയത് ഗവേഷകർക്ക് അത്ഭുതമുളവാക്കി. ഓരോ ശരീരവും വ്യത്യസ്‌ത തരത്തിൽ രോഗത്തോട് പ്രതികരിക്കുന്നതിന്റെ ഫലമാണിതെന്ന് ഗവേഷകർ കരുതുന്നു.