വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകം 'ദി പ്രോമിസ്ഡ് ലാൻഡിനെതിരെ" ഉത്തർപ്രദേശിൽ കേസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെക്കുറിച്ചുള്ള പുസ്തകത്തിലെ പരാമർശങ്ങൾ അവരെ അവഹേളിക്കുന്നതാണെന്നും ഇത് അവരുടെ അനുയായികളെ വേദനിപ്പിക്കുന്നതാണെന്നും ആരോപിച്ച് ആൾ ഇന്ത്യ റൂറൽ ബാർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഗ്യാൻ പ്രകാശ് ശുക്ലയാണ് ലാൽഗഞ്ച് സിവിൽ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്.
കേസിൽ ഡിസംബർ ഒന്നിന് കോടതി വാദം കേൾക്കും.
കോൺഗ്രസ് നേതാക്കളുടെ അനുയായികൾ പുസ്തകത്തിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയാൽ അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും അതിനാൽ ഒബാമയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ 'ദി പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിൽ ഒരു തരം നിർവികാരമായ ധാർമികമൂല്യങ്ങളുളള വ്യക്തിയെന്നാണ് മൻമോഹൻ സിംഗിനെ വിശേഷിപ്പിച്ചത്. അതേസമയം, മതിപ്പുണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയെന്നാണ് ഒബാമ രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞത്.