മോസ്കോ : അടുത്തിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ പറ്റി ചില പ്രചാരണങ്ങൾ വ്യാപകമായത്. പ്രസിഡന്റ് ആരോഗ്യവാനാണെന്നും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും റഷ്യൻ ഭരണകൂടം ആവർത്തിച്ചു പറയുന്നതിനിടെ വീണ്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
ഒരു വീഡിയോ കോൺഫറൻസിനിടെ വ്ലാഡിമിർ പുടിന് കലശലായ ചുമ അനുഭവപ്പെട്ടതാണ് പുതിയ പ്രചാരണങ്ങൾക്ക് തുടക്കം. ഇതോടെ പുടിന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ, കൊവിഡ് ഉണ്ടോ തുടങ്ങിയ തരത്തിലെ ചോദ്യങ്ങൾ ഉയരുകയായിരുന്നു. എന്നാൽ 68കാരനായ പുടിന് യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്ന് കാട്ടി റഷ്യൻ അധികൃതർ രംഗത്തെത്തുകയും ചെയ്തു.
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്നതിനെ പറ്റി സംസാരിക്കുന്നതിനിടെയാണ് പുടിന് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ധനകാര്യ മന്ത്രി അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. സംസാരിക്കുന്നതിനിടെ പുടിൻ നിറുത്താതെ ചുമച്ചുകൊണ്ടിരുന്നു. എന്നാൽ പുടിന്റെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നും ഈ രംഗങ്ങൾ പിന്നീട് എഡിറ്റ് ചെയ്ത് നീക്കി.
പുടിന് പാർക്കിൻസൺ രോഗമാണെന്നും അടുത്ത വർഷം പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കുമെന്നുമുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചെങ്കിലും റഷ്യ അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ കോൺഫറൻസിനിടെ ചുമ കാരണം സംസാരിക്കാൻ ബുദ്ധിമുട്ടിയ പുടിനെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ തലപൊക്കിയത്. പുടിന് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് കാട്ടി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്.