കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിരില്ല.ഈ വാർഡുകളിൽ എതിർസ്ഥാനാർത്ഥികൾ പത്രിക നൽകാത്തതിനെ തുടർന്നാണിത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം അവസാനിച്ചതോടെ ഫലത്തിൽ ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിരില്ല. സി.പി.എം എതിരില്ലാതെ ഭരിക്കുന്ന ആന്തൂർ നഗരസഭയിലും ആറ് വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്ക് എതിരാളികളാരുമില്ല. കണ്ണൂർ കാങ്കോട് ആലപ്പടമ്പ പഞ്ചായത്തിലെ 9,11 വാർഡുകളിലും സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും സി.പി.എം സ്ഥാനാർത്ഥിക്ക് എതിരില്ല. കാസർകോട് ജില്ലയിൽ കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിഎതിരില്ല. കാസർകോട് മടിക്കൈ പഞ്ചായത്തിലെ ഒന്ന്,12,13 എന്നീ മൂന്ന് വാർഡുകളിലും സി.പി.എം സ്ഥാനാർത്ഥിക്ക് എതിരാളികളില്ല.