secu

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോയ ട്രക്കിൽ ഭീകരർ ഒളിച്ചുകടക്കവെയാണ് ദേശീയപാതയിൽ ബാൻ ടോൾ പ്ലാസ‌യ്‌ക്കു സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.

സാമ്പ മേഖലയിൽനിന്നു ഭീകരർ നഗ്രോട്ടയിലേക്കു നീങ്ങുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ടോൾ പ്ളാസയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഭീകരർ ഗ്രനേഡുകളടക്കം പ്രയോഗിച്ചു. ഇതിനിടെ ട്രക്കിലെ ഗ്രനേഡുകൾ പൊട്ടിത്തെറിച്ചു. ടോൾപ്ളാസയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഇതു കാണാം. കാശ്‌മീരിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരർ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

11 എ.കെ-47 തോക്കുകൾ,​ മൂന്നു പിസ്റ്റളുകൾ,​ 29 ഗ്രനേഡുകൾ ഉൾപ്പെടെ ആയുധശേഖരം ട്രക്കിൽ കണ്ടെത്തി. ട്രക്കിന്റെ ഡ്രൈവർ രക്ഷപെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

കാശ്‌മീരിലെ ഡി.ഡി.സി (ജില്ലാ വികസന കൗൺസിൽ)​ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭീകരർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി റിപ്പോർട്ടുണ്ടെന്ന് ജമ്മു ഐ.ജി മുകേഷ് സിംഗ് പറഞ്ഞു.

ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. സുരക്ഷ ശക്തമാക്കി.

ഏറ്റുമുട്ടലിൽ പരിക്കേറ്റ കുൽദീപ് രാജ്(32), നീൽ ക്വാസിം ബനിഹാൽ എന്നിവർ അപകടനില തരണംചെയ്തു.

ജനുവരി 31നും ബാൻ ടോൾ പ്ളാസയിൽ സമാനമായ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് മൂന്നു ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.