ശബരിമല: മണ്ഡല- മകരവിളക്കു കാലത്ത് ശബരിമലയിലെ വരുമാനത്തിൽ വൻ കുറവുണ്ടാകുന്നതിൽ ദേവസ്വം ജീവനക്കാർ ആശങ്കയിൽ. ശമ്പളവും മറ്റും മുടങ്ങുമോ എന്നാണ് ആശങ്ക. ശമ്പളവും ആനുകൂല്യങ്ങളും നൽകാനാവാതെ ബോർഡ് ബുദ്ധിമുട്ടുന്നതിനു പിന്നാലെയാണ് കൊവിഡ് നിയന്ത്രണം തീർത്ഥാടനത്തെ ബാധിച്ചത്.
മണ്ഡല - മകരവിളക്കു കാലത്തെ നടവരവാണ് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം. കഴിഞ്ഞ തവണ 260 കോടിയായിരുന്നു നടവരവ്. വിവിധ ആവശ്യങ്ങൾക്കായി 60 കോടി രൂപ മാറ്റിവച്ച് ശേഷിക്കുന്ന തുകകൊണ്ടാണ് ദേവസ്വം ജീവനക്കാരുടെ ശമ്പളവും വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകളും നടത്തിയത്. ഇത്തവണ നടവരവ് കുത്തനെ കുറയും. ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി പ്രതിമാസം 30 കോടി രൂപയും പെൻഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി 10 കോടി രൂപയും വേണം. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളത്. ഇതിൽ 65 ക്ഷേത്രങ്ങൾക്കേ കാര്യമായ വരുമാനമുള്ളൂ. അവയിലെ വരുമാനവും ഗണ്യമായി കുറഞ്ഞു. അടുത്തമാസത്തെ ശമ്പളം, പെൻഷൻ തുടങ്ങിയവയ്ക്കായി 150 കോടി രൂപയുടെ സഹായം ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയദുരന്ത സഹായമായി 100 കോടി രൂപ നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിൽ 60 കോടിയാണ് ലഭിച്ചത്.
---------------
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ധനസഹായം ലഭിക്കുമെന്ന് കരുതുന്നു. ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ല.
അഡ്വ. എൻ. വാസു.
പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്.