train

ചെന്നൈ : ട്രെയിൻ എൻജിന്റെ മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനാലുകാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുനെൽവേലിയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ജ്ഞാനേശ്വരനാണ് മരിച്ചത്.

ഇന്ന് രാവിലെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ട എൻജിന് മുകളിൽ കയറിയ ജ്ഞാനേശ്വരൻ സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ജ്ഞാനേശ്വരന്റെ ശരീരത്തിൽ ഹൈ വോൾട്ടേജ് പവർ ലൈൻ തട്ടുകയായിരുന്നു. അതിശക്തമായ വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തത്ക്ഷണം മരിച്ചു.

ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടർ ആണ് ജ്ഞാനേശ്വരന്റെ പിതാവ്. ഇദ്ദേഹത്തോടൊപ്പമാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അപകട സമയം ജ്ഞാനേശ്വരന്റെ പിതാവ് തൊട്ടടുത്ത പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.